ഈഴവരിൽ ഒരു വിഭാഗം വർഗീയതയിലേക്ക് നീങ്ങി; ചിലയിടങ്ങളിൽ ബിഷപ്പുമാരും ബി.ജെ.പിക്ക് വേണ്ടി രംഗത്തിറങ്ങി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങളുടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് കുറിച്ച് എൽ.ഡി.എഫ് യോഗത്തിലെ വിലയിരുത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് ഇക്കുറി കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരമാണ്. സി.പി.എമ്മിന് 2019 പോലെ ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ജാതി സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴടങ്ങി. മതനിരപേക്ഷതക്ക് പകരം ജാതിബോധവും വർഗീയത ധ്രുവീകരമുണ്ടാക്കി. ഈഴവരിലെ ഒരു വിഭാഗം വർഗീയതയിലേക്ക് നീങ്ങുകയാണെന്നും അവർ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എസ്.എൻ.ഡി.പിയുടെ പേരെടുത്തു പറഞ്ഞായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. എല്ലാ രാഷ്ടീയപാർട്ടിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എസ്.എൻ.ഡി.പി വിഭാഗം ബി.ജെ.പിയുടെ വർഗീയതയിലേക്ക് നീങ്ങുന്നതാണ് കണ്ടത്. ക്രൈസ്തവരിൽ ഒരു വിഭാഗം ബി.ജെ.പിയെ അനുകൂലിച്ചു. ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ വരെ നേരിട്ടിറങ്ങി. ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം ചിന്തിച്ചതും ആ നിലക്കാണ്. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന പ്രചാരണവും എൽ.ഡി.എഫിന് തിരിച്ചടിയായി. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചു. ന്യൂനപക്ഷവിഭാഗങ്ങളെ ഇത് കാര്യമായി ബാധിച്ചു. യു.ഡി.എഫിനൊപ്പം മുന്നണിയായി ഈ സംഘടനകൾ നിലകൊണ്ടുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കുണ്ടായ എല്ലാ തെറ്റിദ്ധാരണകളും തിരുത്തുമെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.