അനിൽ ആന്‍റണി കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ നയത്തിന്‍റെ ഉൽപന്നം -എം.വി. ഗോവിന്ദന്‍
text_fieldsതിരുവനന്തപുരം: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണ് അനിൽ ആന്‍റണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പി മാനസിക നിലയുള്ള സുധാകരന്‍റെ പാർട്ടിയാണ് കോൺഗ്രസ്. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബി.ബി.സി ഡോക്യുമെന്ററി കാണണമെന്നാണ് സി.പി.എമ്മിന്‍റെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഗുജറാത്ത് കലാപ കാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകൾ ചോദ്യംചെയ്ത ബിബിസി ഡോക്യുമെന്ററിയെ അനിൽ ആന്റണി പരസ്യമായി തള്ളിപ്പറഞ്ഞതാണ് വിവാദമായത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ പരാമർശം പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമർശനത്തിന് വഴിയിട്ടിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസിലെ പദവികൾ അനിൽ രാജിവെച്ചു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ , സാമൂഹ്യ മാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ ഓർഡിനേറ്റർ പദവി എന്നിവയാണ് ഒഴിഞ്ഞത്.
രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാത്പര്യമാണ് പാർട്ടി താത്പര്യത്തേക്കാൾ വലുതെന്നും അദ്ദേഹം വിശദീകരിച്ചു. ബിബിസിയുടെ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്ത് 9 മണിക്കൂറിനുള്ളിലാണ് ട്വിറ്ററിലൂടെ തന്നെ രാജിപ്രഖ്യാപനവും പുറംലോകത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.