മൃഗബലി: ഡി.കെ. ശിവകുമാർ പറഞ്ഞത് ഭ്രാന്തെന്ന് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മൃഗബലി നടന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറയുന്നത് ഭ്രാന്ത് മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ പറയുന്ന ക്ഷേത്രത്തിലെ ആചാരങ്ങളും പൂജകളൊന്നും ശിവകുമാർ പറഞ്ഞതുപോലെയുള്ളതല്ല. കേരളത്തിൽ നടക്കാത്ത കാര്യങ്ങളാണ് പറയുന്നത്. ശുദ്ധ ഭ്രാന്ത് എന്നല്ലാതെ എന്തുപറയാനാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.
കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നെന്നായിരുന്നു ശിവകുമാറിന്‍റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് അദ്ദേഹം ആരോപിച്ചത്.
മൃഗബലി നടത്തിയതാരെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്നെ അനുഗ്രഹിക്കാനുണ്ട്. അവരുടെ പ്രാർഥനയും കൂടെയുണ്ടാവും -ശിവകുമാർ പറഞ്ഞു. ഡി.കെ. ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും കേരള ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു.
മൃഗബലി നടന്നുവെന്നത് വാസ്തവവിരുദ്ധം -ടി.ടി.കെ ദേവസ്വം
തളിപ്പറമ്പ് (കണ്ണൂർ): കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ പേര് ബന്ധപ്പെടുത്തി പഞ്ചമൃഗബലിയും യാഗങ്ങളും നടന്നതായി ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവും ഭൗർഭാഗ്യകരവുമാണെന്ന് ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഗിരീഷ് കുമാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാജരാജേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്തരം പൂജകളോ യാഗങ്ങളോ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.