ഇന്ധന സെസ്: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ
text_fieldsകോതമംഗലം: സാമൂഹിക സുരക്ഷ പെൻഷൻ നൽകുന്നതിന് പെട്രോളിനും ഡീസലിനും രണ്ട് രൂപ ചുമത്തിയ നടപടിക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച സമരം പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പരാമർശങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമങ്ങൾ സമരം ഏറ്റെടുക്കണമെന്നാണ് ആവശ്യം. സമരത്തെ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുവെന്നാണ് ഇത് കാണിക്കുന്നത്.
സർക്കാറിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ മാധ്യമങ്ങൾ സഹായിക്കണമെന്ന അഭ്യർഥനയാണ് സുധാകരന്‍റേതെന്നും വാർത്ത സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് സമരം പരാജയപ്പെട്ടതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദുർബല ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ ചുമത്തിയ സെസ് നൽകാൻ തയാറാണെന്ന് ജനങ്ങൾ തീരുമാനിച്ചതിലുള്ള പ്രതിഷേധവും സുധാകരന്റെ വാക്കുകളിൽ കാണാം. കോൺഗ്രസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽകെട്ടാൻ ശ്രമിക്കുന്ന സുധാകരനെ കോൺഗ്രസുകാർ പോലും വിശ്വാസത്തിലെടുക്കുന്നില്ല.
സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സി.പി.എമ്മിനെ പഠിപ്പിക്കാൻ വി.ഡി. സതീശൻ വളർന്നിട്ടില്ല. പെൺകുട്ടികൾ എത് വേഷം ധരിക്കുന്നതിനും സി.പിഎം എതിരല്ല. മൂന്നാം വട്ടവും ഭരണം നഷ്ടപ്പെടുമെന്ന തിരിച്ചറിവിൽനിന്നാണ് മുസ്ലിംലീഗ് സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.