ബിഷപ്പിന്‍റെ പ്രസ്താവന ക്രൈസ്തവ സമുദായത്തിന്‍റെ നിലപാടായി കാണുന്നില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: റബറിന്‍റെ വില 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ട് നൽകുമെന്ന തലശ്ശേരി ബിഷപ്പിന്‍റെ പ്രസ്താവന ക്രൈസ്തവ സമുദായത്തിന്‍റെ നിലപാടായി കാണുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപരും പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സർക്കാറാണ് ബി.ജെ.പിയുടേത്. 598 അതിക്രമങ്ങൾ നടന്നത് ക്രൈസ്തവ സംഘടനകൾ തന്നെ എഴുതി നൽകിയിട്ടുണ്ട്. അതെല്ലാം റബറിന്‍റെ വില കൂട്ടിയതുകൊണ്ട് തീരുമെന്ന് കരുതുന്നില്ല.
റബറിന്‍റെ വില രാഷ്ട്രീയമാക്കി നരേന്ദ്ര മോദി ആഗ്രഹിച്ചതുപോലെ ബി.ജെ.പിക്ക് കേരളത്തിലേക്ക് പഴുതുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കണം. എങ്കിൽ, അത് സാധിക്കില്ല. ബിഷപ്പിന് നിലപാടിൽ ഉറച്ചുനിൽക്കാൻ അവകാശമുണ്ട്. എന്നാൽ, അതാണ് ക്രൈസ്തവ സമൂഹത്തിന്‍റെ ആകെ അഭിപ്രായമെന്നു പറയാൻ കഴിയില്ല. ബിഷപ്പിന്‍റെ പ്രസ്താവനയെ ബി.ജെ.പി അല്ലാതെ ആരും അംഗീകരിച്ചിട്ടില്ല.
റബറിന്‍റെ വില കുറയാൻ പൂർണ ഉത്തരവാദി കേന്ദ്രസർക്കാറാണ്. ഒരാളുടെ പ്രസ്താവനയിൽ ഇടിഞ്ഞുപൊളിഞ്ഞുപോകുന്നതാണ് കേരളത്തിലെ മതനിരപേക്ഷ സമൂഹമെന്നും കരുതുന്നില്ല.
മുസ്ലിം സമുദായത്തിനകത്ത് കൊണ്ടുവരേണ്ട പരിഷ്കരണങ്ങൾ സംബന്ധിച്ച് അവർ തന്നെയാണ് ചർച്ച നടത്തി നിലപാട് സ്വീകരിക്കേണ്ടതെന്ന് പിന്തുടർച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെ, എം.വി. ഗോവിന്ദൻ പറഞ്ഞു. കാലോചിത മാറ്റം വരാത്ത ഒന്നും പ്രപഞ്ചത്തിലില്ല. ഏക സിവിൽകോഡ് നടപ്പാക്കുന്നതിൽ ഇപ്പോൾ പാർട്ടി അനുകൂലമല്ല. അതിനുള്ള സമയമായിട്ടില്ല. അനേകം മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളുമെല്ലാം ചേർന്നതാണ് ഇന്ത്യ. അവയെല്ലാം ഏകോപിതമാക്കണമെന്ന് പറയുന്നത് അടുത്തകാലത്തൊന്നും നടക്കാൻ പോകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.