തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ? 62 ലക്ഷം പേർക്കാണ് പെൻഷൻ കുടിശ്ശികയുള്ളത്; തോൽക്കാൻ പിന്നെന്ത് വേണം -എം.വി. ഗോവിന്ദൻ
text_fieldsമലപ്പുറം: ക്ഷേമ പെൻഷൻ മുടങ്ങിയതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുർബല വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങിയതുൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പരാധീനകളാണ് തോൽവിക്ക് കാരണം. സംഘടനപരമായ പ്രശ്നങ്ങളും വോട്ടെടുപ്പിനെ സ്വാധീനിച്ചു. നമ്മൾ നല്ലതു പോലെ തോറ്റു...തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞതു കൊണ്ട് കാര്യമുണ്ടോ? പിന്നെ എന്താണ് വേണ്ടത്? ഇനിയതിന്റെ കാരണം കണ്ടുപിടിക്കണം. കണ്ടെത്തിയാൽ മാത്രം പോര തിരുത്തണം. 62 ലക്ഷം ആളുകൾക്ക് കൊടുക്കാനുള്ള പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാനായിട്ടില്ല. തോൽവിയെ സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കി പഠിച്ചു തിരുത്തി മുന്നോട്ടു പോകും.''-സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇഎംഎസിന്റെ ലോകം എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഉണ്ടാകാൻ സാധ്യതയുള്ള പ്രവണത ഉണ്ടായി. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാൻ സാധിക്കില്ല. അതിന്റെ ചോർച്ച നമുക്കുണ്ട്. ബി.ജെ.പിയുടെ വളർച്ച സൂചിപ്പിക്കുന്നത് അതാണ്. തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. നമുക്ക് 16,000 വോട്ടുകൾ കൂടി. പക്ഷേ, നമ്മുടെ വോട്ടും ചോർന്നു. -എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.