എം.വി. ഗോവിന്ദനും അനിൽ ആന്‍റണിയും ചെയ്തതും കേന്ദ്രമന്ത്രി ചെയ്ത കുറ്റത്തിന് സമാനം -ഡോ. പി. സരിൻ
text_fieldsതിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പ്രചാരണത്തിന് സമാനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബി.ജെ.പി വക്താവായ അനിൽ കെ. ആന്‍റണിയും നടത്തിയതെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി. സരിൻ. രാജീവ് ചന്ദ്രശേഖറും അനിൽ കെ. ആന്‍റണിയും എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിദ്വേഷ പ്രചാരണം ആവർത്തിക്കുകയാണെന്നും സരിൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനുള്ള നിയമോപദേശം തേടുകയാണ്. കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്‍റെ സ്വാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. കേരള സമൂഹം പുലർത്തുന്ന രീതിയിൽ വിഷം കലർത്തുകയാണെന്നും സരിൻ വ്യക്തമാക്കി.
കോൺഗ്രസുകാരന്‍റെ പരാതിയിൽ കേസെടുക്കുന്നത് മോശമാണെന്ന് കരുതിയാവും പൊലീസുകാരന്‍റെ പരാതിയിൽ കേസെടുത്തതെന്നും ഡോ. പി. സരിൻ കുറ്റപ്പെടുത്തി.
കളമശ്ശേരി സ്ഫോടനക്കേസിൽ വിവാദ പരാമർശം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ആവാശ്യപ്പെട്ട് ഡോ. പി. സരിൻ അടക്കം നിരവധി പേരാണ് പൊലീസിൽ പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖർ, അനിൽ കെ. ആന്റണി, എം.വി. ഗോവിന്ദൻ, സന്ദീപ് ജി. വാര്യർ, ഡോ. സെബാസ്റ്റ്യൻ പോൾ, റീവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കെ.പി.സി.സി പരാതി നൽകിയത്.
പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ, മനഃപൂർവവും ദുരുദ്ദേശ്യപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർധക്കും കാരണമാകും വിധം രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു ഇവരുടെ പ്രതികരണമെന്നു പരാതിയിൽ കുറ്റപ്പെടുത്തുന്നു.
ഡോ. പി. സരിനെ കൂടാതെ, ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുൺ എന്നിവരും പരാതി നൽകിയിട്ടുണ്ട്. വി.എച്ച്.പി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ തുടങ്ങിയവർക്കും കർമ ന്യൂസ്, തീവ്ര വർഗീയ ഗ്രൂപ്പായ ‘കാസ’ എന്നിവക്കുമെതിരെയും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.