വീണ്ടും പിണറായി? സൂചനയുമായി എം.വി. ഗോവിന്ദൻ: ‘പാർട്ടിയുടെയും സർക്കാറിന്റെയും ശക്തി പിണറായി; യു.ഡി.എഫിൽ മുഖ്യമന്ത്രിമാർ അഞ്ചാറുപേർ, ഞങ്ങളിൽ അത്തരം പ്രശ്നങ്ങളില്ല’
text_fieldsതിരുവനന്തപുരം: പിണറായിയുടെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയുടെയും സർക്കാറിന്റെയും ശക്തിയെന്നും ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കുമെന്നതിന്റെ പര്യായമാണ് പിണറായിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണത്തുടർച്ച ലഭിച്ചാൽ പിണറായി വിജയൻ തന്നെ മൂന്നാമതും നയിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ സൂചന നൽകി.
‘പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയുടെയും സർക്കാറിന്റെയും ശക്തി. ഒരു കാര്യം പറഞ്ഞാൽ, അത് നടപ്പാക്കുമെന്നതിന്റെ പര്യായമാണ് പിണറായി. പിണറായി സർക്കാർ വന്നില്ലെങ്കിൽ ദേശീയ പാതയുണ്ടോ, ഗെയിൽ ഉണ്ടോ., കൂടംകുളം വൈദ്യുതി വരുമായിരുന്നോ..? അത് ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉറപ്പാണ്. യു.ഡി.എഫിൽ മുഖ്യമന്ത്രിമാർ അഞ്ചാറുപേരാണ്. ഏറ്റവും അവസാനം കുഞ്ഞാലിക്കുട്ടിയും വന്നിരിക്കുന്നു. ഞങ്ങളിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല’ -ഗോവിന്ദൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇടതുസർക്കാറിന്റെ വ്യവസായ രംഗത്തെ പുരോഗതി ആഘോഷിക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവ് ശശി തരൂരാണ്. നിക്ഷേപക സംഗമത്തിൽ വന്നത് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമാണ്. സി.പി.എമ്മിന് കേരളത്തെ പുതുക്കിപ്പണിയാനാകില്ലെന്നാണ് എതിരാളികൾ പറഞ്ഞത്. ഒന്നാം പിണറായി സർക്കാർ തന്നെ അതു തിരുത്തി. 45,000 കോടിയുടെ കിഫ്ബി പദ്ധതികൾ വഴി അത്യാധുനിക റോഡുകളും പാലങ്ങളും ആശുപത്രികളും നടപ്പാക്കിയ ഒന്നാം പിണറായി സർക്കാർ പാശ്ചാത്യ രാജ്യങ്ങളിലേതുപോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ വളർത്താനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. 15,000 സ്റ്റാർട്ടപ്പുകൾ, 1,55,000 മൂലധന നിക്ഷേപം, അതനുസരിച്ച് വ്യവസായിക ഇടനാഴികൾ എന്നിങ്ങനെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുന്ന വലിയ കാര്യങ്ങളാണ് രണ്ടാം പിണറായി സർക്കാർ ചെയ്തുപോരുന്നത്. പിണറായി സർക്കാറിന്റെ മൂന്നാം ഭരണത്തുടർച്ച ഉറപ്പാണ്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിലിപ്പോൾ ഫാഷിസം ഇല്ലെന്നും എന്നാൽ ആർ.എസ്.എസിന് ഫാഷിസ്റ്റ് നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസം വരുന്നതിനുമുമ്പ് വന്നുവെന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ പറഞ്ഞാൽ നിലപാടുകൾ എല്ലാം തെറ്റും. ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. അത് പറഞ്ഞുകൊണ്ടിരിക്കും. ഇന്ത്യയിലിപ്പോൾ ഫാഷിസം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? ഫാഷിസം നിലവിലുണ്ടെങ്കിൽ നമുക്ക് ഇങ്ങനെയൊരു അഭിമുഖം പോലും നടത്താൻ സാധിക്കുമോ? പൊലീസും കോടതിയുമടക്കം ഭരണകൂട സംവിധാനങ്ങളെയാകെ കൈപ്പിടിയിലൊതുക്കി, ഒരു പ്രതിപക്ഷത്തെയും അംഗീകരിക്കാതെ നടക്കുന്ന ക്ലാസിക്കൽ ഫാഷിസത്തിനാണ് രണ്ടാംലോക യുദ്ധകാലത്ത് ലോകം സാക്ഷ്യം വഹിച്ചത്. അങ്ങനെയൊരു ഫാഷിസം ഇപ്പോൾ ഇന്ത്യയിലുണ്ടോ..? ഇല്ല. ഇന്ന് പഴയ ക്ലാസിക്കൽ ഫാഷിസം ലോകത്ത് എവിടെയുമില്ല. ഉള്ളത് പുത്തൻ ഫാഷിസ്റ്റ് സമീപനങ്ങളാണ്. ആദ്യം തന്നെ ഭരണകൂട അധികാരം പിടിച്ചെടുക്കുകയല്ല നവഫാഷിസം ചെയ്യുക. അവർ ജനാധിപത്യ രീതിയിൽ അധികാരത്തിലേറും. ഭരണം കിട്ടിക്കഴിഞ്ഞാൽ പടിപടിയായി ഫാഷിസത്തിലേക്ക് നീങ്ങും. അതാണ് ഇന്ത്യയിൽ നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വം, ഏക സിവിൽ കോഡ്, ഏതു പള്ളിക്കടിയിലും അമ്പലം തിരയുന്ന സാഹചര്യം, അതിന് കോടതിയുടെ പിൻബലം എന്നിങ്ങനെയുള്ള കാര്യങ്ങൾ തുടരാൻ അനുവദിച്ചാൽ രാജ്യം ഫാഷിസത്തിലേക്ക് പോകും. അതാണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.
മോദി സർക്കാർ ഫാഷിസ്റ്റ് ആണെന്ന സി.പി.ഐയുടെയും സി.പി.ഐ (എം.എൽ)ന്റെയും നിലപാട് അവർ തന്നെ വിശദീകരിക്കട്ടെ. അടിയന്തരാവസ്ഥ കാലത്തുപോലും ഞങ്ങൾ അർധ ഫാഷിസം എന്നേ പറഞ്ഞിട്ടുള്ളൂ. പാർലമെന്ററി ജനാധിപത്യം പൂർണമായും ഇല്ലായ്മ ചെയ്ത കാലമാണത്. പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കിയ കാലമാണത്. ചർച്ച തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. കേരളത്തിലേതുപോലെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമ ശൃംഖല ലോകത്ത് ഒരിടത്തുമില്ല -എം.വി. ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.