കേന്ദ്രമന്ത്രിയുടെ നീക്കം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ, ശ്രമം ധ്രുവീകരണം -ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തെ വർഗീയ ധ്രുവീകരണത്തിനും വിദ്വേഷ പ്രചാരണത്തിനും ആയുധമാക്കിയവർക്കെതിരെ തുറന്നടിച്ചും കടന്നാക്രമിച്ചും സി.പി.എം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹമടക്കമുള്ളവരിൽ നിന്നുമുണ്ടായതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു.
കേന്ദ്രമന്ത്രി എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽനിന്ന് നിജസ്ഥിതി കിട്ടുമെന്നിരിക്കെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് അദ്ദേഹം ഹമാസുമായി ബന്ധപ്പെടുത്തി പ്രതികരണം നടത്തിയത്. കേരളത്തെ കലാപഭൂമിയാക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
കളമശ്ശേരി സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഇതിന്റെ മറവിൽ സംസ്ഥാനത്തെ ഒന്നടങ്കം വർഗീയ ധ്രുവീകരണത്തിന് ചില വർഗീയ ശക്തികൾ ശ്രമിച്ചു. വർഗീയ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്ന ചിലരുടെയെങ്കിലും ഉള്ളിലിരിപ്പാണ് പുറത്തുവന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇതിനെ ഒറ്റക്കെട്ടായി എതിർക്കുന്നതിൽ കേരളം യോജിച്ച നിലപാടാണ് സ്വീകരിച്ചത്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് കേരളം ഈ ഒത്തൊരുമയിലൂടെ ഒരിക്കൽകൂടി വെളിപ്പെടുത്തി. ഉദ്ബുദ്ധരായ ജനം ഈ ദുഷ്ടലാക്കിനെ പൊളിച്ചുകൊടുത്തെന്നും വർഗീയ നിലപാടുകൾക്ക് സ്ഥാനമില്ലെന്നത് കേരളം തെളിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.
തന്റെ വാക്കുകൾ ധ്രുവീകരണം സൃഷ്ടിക്കാനുള്ളതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വാക്കുകൾ പല രീതിയിൽ തെറ്റായി വ്യാഖ്യാനിച്ചു. തെറ്റിദ്ധാരണകളാണ് പ്രചരിപ്പിച്ചത്. താൻ വാർത്തക്കുറിപ്പ് കൊടുക്കുകയോ വാർത്തസമ്മേളനം വിളിക്കുകയോ ചെയ്തതല്ല.
തനിക്കെതിരെ കേസ് കൊടുത്ത കെ.പി.സി.സി സൈബർ വിഭാഗം പരസ്യമായി വർഗീയത പറഞ്ഞ രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.