എം.വി. ഗോവിന്ദന് ഗവർണറുടെ കുത്ത്; ‘പ്രാധാന്യമില്ലാത്തവരുമായി ഇടപാടില്ല’
text_fieldsതിരുവനന്തപുരം: കാവൽ ഗവർണർ എന്ന വിമർശനം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭരണഘടനയെക്കുറിച്ചുള്ള ധാരണ വ്യക്തമാക്കുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം എന്തു പറയുന്നെന്നത് തന്റെ പരിഗണനാവിഷയമല്ല. പ്രാധാന്യമില്ലാത്ത വ്യക്തികളുമായി എനിക്ക് ഇടപാടില്ല.
മുഖ്യമന്ത്രിയുമായാണ് ഇടപാടെന്നും ഡൽഹിക്ക് തിരിക്കുംമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വർണക്കടത്ത് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് മാധ്യമങ്ങളുമായി പങ്കുവെക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വ്യക്തിപരമായി രാജ്ഭവനിൽ വരാം
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന നിലപാടിൽ മാറ്റം വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിൽ വരുന്നതിന് തടസ്സമില്ലെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ചുമതലപ്പെടുത്തൽ ഇല്ലാതെയാണ് ഇതുവരെ ഉദ്യോഗസ്ഥർ ഔദ്യോഗിക കാര്യങ്ങൾക്കായി വന്നിരുന്നതെന്നും ഇനി അത്തരം കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുമതലപ്പെടുത്തൽ ഇല്ലാതെ വരേണ്ടതില്ലെന്നാണ് ഗവർണർ പറഞ്ഞതെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന്റെ വിശദാംശങ്ങൾ നൽകാനായി രാജ്ഭവനിലെത്താൻ ഗവർണർ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ഇതിനെതുടർന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്ന് ഗവർണർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.