എം.വി. ഗോവിന്ദൻ ഇനി പാർട്ടിയിൽ രണ്ടാമൻ
text_fieldsകണ്ണൂർ: സി.പി.എം സംസ്ഥാനഘടകത്തിലെ അധികാരശ്രേണിയിൽ എം.വി. ഗോവിന്ദൻ ഇനി രണ്ടാമൻ. പിണറായി വിജയൻ ക്യാപ്റ്റനായി നയിക്കുന്ന കേരളത്തിലെ സി.പി.എമ്മിൽ രണ്ടാമനായി നിലകൊണ്ടത് കോടിയേരി ബാലകൃഷ്ണനായിരുന്നു. ആ സ്ഥാനമാണ് എം.വി. ഗോവിന്ദനിലേക്ക് കൈമാറപ്പെടുന്നത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോൾ പകരം വന്ന എം.വി. ഗോവിന്ദൻ കോടിയേരിയുടെ വിയോഗത്തോടെ വന്ന ഒഴിവിലാണ് പോളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടത്. സംഘടനാസംവിധാനത്തിൽ ഒന്നാമൻ, രണ്ടാമൻ എന്നില്ലെങ്കിലും പ്രയോഗതലത്തിൽ അധികാരഘടനയുടെ നിലയനുസരിച്ചാണ് അത്തരം വിശേഷണങ്ങൾ കൽപിക്കപ്പെടുന്നത്. നീണ്ടകാലം സംസ്ഥാന സെക്രട്ടറി സ്ഥാനം കൈകാര്യംചെയ്ത മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമെന്നനിലക്കും പാർട്ടിയിലും മുഖ്യമന്ത്രിയെന്ന നിലക്ക് ഭരണത്തിലും പൂർണ നിയന്ത്രണം കൈയാളുന്ന പിണറായി വിജയൻതന്നെ ഒന്നാമൻ.
വിദ്യാർഥികാലം മുതൽ പിണറായിയുടെ പിൻഗാമിയായിവന്ന കോടിയേരി ഉണ്ടായിരുന്നപ്പോൾ രണ്ടാമനായി മറ്റൊരു പേര് ഉണ്ടായിരുന്നില്ല. കണ്ണൂരുകാരനായ കോടിയേരി ബാക്കിവെച്ച ഇടം കണ്ണൂരിൽനിന്നുള്ള എം.വി. ഗോവിന്ദൻ നികത്തുമ്പോൾ അത് സി.പി.എമ്മിൽ കണ്ണൂർ ആധിപത്യത്തിന്റെ തുടർച്ചയുമാണ്. ഈ തുടർച്ചയിൽ കണ്ണൂർ ലോബിയിലെ മുതിർന്ന നേതാവായ ഇ.പി. ജയരാജനെ ഉൾപ്പെടെ എം.വി. ഗോവിന്ദൻ മറികടന്നു എന്നതും ശ്രദ്ധേയമാണ്. ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, തോമസ് ഐസക്, എളമരം കരീം തുടങ്ങിയവരെ മറികടന്ന് എം.വി. ഗോവിന്ദനെ പാർട്ടിയുടെ പരമോന്നത സമിതിയിലേക്ക് തെരഞ്ഞെടുക്കാൻ കേന്ദ്രനേതൃത്വം തീരുമാനിക്കുമ്പോൾ അദ്ദേഹം വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പദവികൂടി കണക്കിലെടുത്തിരിക്കണം.
സി.പി.എമ്മിന്റെ സൈദ്ധാന്തികമുഖമായ എം.വി. ഗോവിന്ദൻ ഏറ്റവും ഉയർന്ന കമ്മിറ്റിയിലെത്തുമ്പോൾ പാർട്ടി നയസമീപനങ്ങളിലും സ്വാധീനം ചെലുത്തിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷ നിലപാടിൽ ഉറച്ചുനിൽക്കാറുള്ള ഗോവിന്ദൻ വലതുപക്ഷ വ്യതിയാനങ്ങളെക്കുറിച്ച് പാർട്ടിയിലും പുറത്തും തുറന്നടിക്കാറുമുണ്ട്. അദ്ദേഹത്തിൽ സി.പി.എമ്മിന്റെ ഭാവി കേരള ക്യാപ്റ്റനെ കാണുന്നവരുമുണ്ട്. ഇരിങ്ങല്‍ യു.പി സ്കൂളില്‍ പാർട്ട് ടൈം കായികാധ്യാപകനായിരുന്ന ഗോവിന്ദന് കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായതോടെ 1992ൽ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിലൂടെയാണ് തുടക്കം. കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രഥമ സംസ്ഥാന പ്രസിഡൻറായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ല്‍ കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2006വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി. 2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി. 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും തളിപ്പറമ്പിൽനിന്ന് ജയിച്ച രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ, എക്സൈസ് മന്ത്രിയായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായതോടെ സെപ്റ്റംബറിലാണ് മന്ത്രിപദമൊഴിഞ്ഞത്. മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടെയും മകനാണ്. ആന്തൂര്‍ നഗരസഭ മുൻ ചെയര്‍പേഴ്സനും മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.