'സമസ്തയിൽ ഇന്നലെ നുഴഞ്ഞുകയറിയിട്ടില്ല, ഇന്നും കയറുന്നില്ല, നാളെയും കയറില്ല'; ഹകീം ഫൈസി ആദൃശ്ശേരിയുടെ ആരോപണം തള്ളി സി.പി.എം
text_fieldsകോഴിക്കോട്: സമസ്തയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമം നടത്തുന്നുവെന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ ആരോപണം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമസ്തയിലെ കാര്യങ്ങൾ അവർ തന്നെ പരിഹരിക്കട്ടെ. ഞങ്ങൾക്കതിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല. ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
'സമസ്ത പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്, അവർ പരിഹരിച്ചോട്ടെ. ഞങ്ങൾക്കതിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല. ഇതുവരെ ഇടപെട്ടിട്ടില്ല, ഇനി ഇടപെടുകയുമില്ല. ഇന്നലെ നുഴഞ്ഞുകയറിയിട്ടില്ല, ഇന്നും കയറുന്നില്ല, നാളെയും കയറില്ല' - ആദൃശ്ശേരിയുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ എം.വി. ഗോവിന്ദൻ പറഞ്ഞു.
സമസ്തയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമം നടത്തുന്നതായും ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലർ ശ്രമിക്കുന്നതായും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ആരോപിച്ചിരുന്നു.
'സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്ലവർ ആയിട്ടുള്ള ഒരാളാണ്. അദ്ദേഹത്തിന് ഇതൊക്കെ അതിജീവിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. പടച്ചവനോട് രഹസ്യസമയങ്ങളിൽ പ്രാർഥിക്കുന്നുമുണ്ട്. സമസ്ത നേതൃത്വം നിർദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി.ഐ.സിയെ പിന്തുടർന്ന് ദ്രോഹിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന് കരുതുന്നു. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എമ്മിനു വേണ്ടി ശ്രമമുണ്ട്. മുൻകാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലരും ശ്രമിക്കുന്നുണ്ട്'- എന്നായിരുന്നു അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ ആരോപണം.
പാർട്ടിയിലെ കളകളെ പിഴുതുമാറ്റുകതന്നെ ചെയ്യും -എം.വി. ഗോവിന്ദൻ
കോഴിക്കോട്: തെറ്റായ പ്രവണതയൊന്നും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും നല്ല വിളക്കുവേണ്ടി കളകൾ പറിച്ചുമാറ്റുകതന്നെ ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഞായറാഴ്ചത്തെ ജനകീയ പ്രതിരോധജാഥക്ക് മുന്നോടിയായി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം മാറ്റാൻ ആവശ്യമായ ചികിത്സ നൽകും.
പാർട്ടിക്കകത്ത് എന്തെല്ലാം തെറ്റായ പ്രവണതയുണ്ടോ അവ മുഴുവൻ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായി ഫലപ്രദമായി പരിഹരിച്ച് മുന്നോട്ടുപോവും. അതിനാവശ്യമായ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള നിലപാടെടുക്കും.
ഇ.പി. ജയരാജന് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാം. അദ്ദേഹം ജാഥാംഗമോ ജാഥയിലെ പ്രസംഗകനോ അഭിവാദ്യം ചെയ്യേണ്ടയാളോ അല്ല. ആകാശവാണിയിലും ദൂരദർശനിലും ഇനി ആർ.എസ്.എസ് നിശ്ചയിക്കുന്ന വാർത്തകളേ കേൾക്കാനാവൂവെന്ന അപകടകരമായ അവസ്ഥക്കെതിരെ മതനിരപേക്ഷ വാദികൾ പ്രതിഷേധിക്കണം.
ഗവർണർപദവി പരിഹാസ്യമെന്ന കോൺഗ്രസ് രാഷ്ട്രീയപ്രമേയം കേരളത്തിലെ കോൺഗ്രസ് അംഗീകരിച്ച് പ്രവർത്തിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.