മുഖ്യമന്ത്രി ശൈലി മാറ്റണമെന്നല്ല കേന്ദ്രകമ്മിറ്റി പറഞ്ഞത്; നിർദേശം പാർട്ടിയിലെ ഓരോ അംഗത്തിനും ബാധകം -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റണമെന്നല്ല സി.പി.എം കേന്ദ്രകമ്മിറ്റി പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിർദേശം പാർട്ടിയിലെ ഓരോ അംഗത്തിനും ബാധകമാണ്. ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്ന സമീപനത്തിൽ മാറ്റമുണ്ടാവണമെന്നാണ് കേന്ദ്രകമ്മിറ്റി പറഞ്ഞിരിക്കുന്നത്. അത്തരം ശൈലികളിൽ പാർട്ടി മാറ്റം വരുത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നേതാക്കളുടെ ധാർഷ്ട്യമടക്കം തോൽവിക്കിടയാക്കിയെന്ന് സംസ്ഥാന കമ്മിറ്റി തന്നെ കണ്ടെത്തിയതാണ്. എന്നിട്ടാണ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്രകമ്മിറ്റി തള്ളിയെന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വന്നത്. ഇത് ശരിയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാർട്ടിക്കകത്ത് തർക്കങ്ങളുണ്ടെന്ന് വരുത്താനാണ് ഈ പ്രചാരവേല. ഏതെങ്കിലും കോളജിലുണ്ടാകുന്ന പ്രശ്നം പർവതീകരിച്ച് എസ്.എഫ്.ഐ തകർക്കാൻ ശ്രമമുണ്ടാവുന്നുണ്ട്. തെറ്റുകൾ ന്യായീകരിക്കില്ല. തിരുത്തേണ്ടത് തിരുത്തണം. എല്ലാതരം അക്രമങ്ങളേയും പ്രോത്സാഹിപ്പിച്ചിട്ടുള്ള പാർട്ടിയാണ് ഇപ്പോൾ ആദർശപ്രസംഗം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പദാനുപദമായി മറുപടി പറയാനില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. പ്രശ്‌നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചുപോവേണ്ടതാണ്. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം തേടുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
കണ്ണൂരിലെ കൂടോത്ര വിവാദത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. കണ്ണൂരിൽ കൂടോത്രം ഉണ്ടോ എന്ന് സുധാകരനോട് ചോദിച്ചാൽ മതിയെന്നും അവരങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തെക്കുറിച്ച് താനെന്തു പറയാനാ. കൂടോത്രത്തിൻ്റെ പുറകെ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.