അധ്വാനിക്കുന്ന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ് -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: അധ്വാനിക്കുന്ന തൊഴിലാളി വിഭാഗത്തിനും പാവപ്പെട്ടവർക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും വളരെ ഐക്യത്തോടെയാണ് ഇക്കാലമത്രയും കേരളത്തിൽ പ്രവർത്തിച്ചത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും സി.പി.എമ്മിനും സി.പി.ഐക്കും ശരിയായ ദിശാബോധം നൽകി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കാനത്തിന് കഴിഞ്ഞു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് സഖാവിന്റെ വിയോഗമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടത്. അസുഖമായി അദ്ദേഹം കുറച്ചു മാസമായി ആശുപത്രിയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പോയി അദ്ദേഹത്തെ കണ്ട് രോഗവിവരങ്ങൾ തിരക്കിയിരുന്നു. ഏറെ ആവേശത്തോടെയാണ് അദ്ദേഹം അന്ന് സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങിവരികയാണെന്നും അധികം വൈകാതെ ആശുപത്രി വിടാനാകുമെന്നും പൊതുപ്രവർത്തനത്തിൽ സജീവമാകാൻ സാധിക്കുമെന്നും പറഞ്ഞിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോഴും ആരോഗ്യവിവരം തിരക്കിയിരുന്നു. അന്ന് കണ്ടതിനേക്കാളും മെച്ചമാണ് എന്നായിരുന്നു മറുപടി. മുറിവ് ഉണങ്ങിവരുന്നു. വേഗം ആശുപത്രി വിടാൻ കഴിയുമെന്ന വിവരമാണ് മകനും പങ്കുവെച്ചത്. അതിനിടയിൽ ആകസ്മികമായാണ് മരണ വാർത്ത. അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.