കുഴൽനാടൻ തരംതാണ രാഷ്ട്രീയക്കാരൻ; ഒരു നിലയും വിലയുമില്ലാതെ ജാതിരാഷ്ട്രീയം പറയുന്നു -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസിന്റെ മാത്യു കുഴൽനാടൻ തരംതാണ രാഷ്ട്രീയക്കാരനാണെന്ന് വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നാല് വോട്ടിന് വേണ്ടി എന്തും പറയാവുന്ന നിലയിലേക്ക് കുഴൽനാടൻ തരംതാണു. ജാതി രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. ഇത് സത്വരാഷ്ട്രീയമാണ്. സാമ്രാജിത്വ ശക്തികളാണ് സത്വരാഷ്ട്രീയവുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്.ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. കെ.രാധാകൃഷ്ണനെ എം.പിയാക്കിയത് വഴി ഏറ്റവും ഉന്നതമായ സ്ഥാനത്താണ് സി.പി.എം എത്തിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കെ.രാധാകൃഷ്ണനെ എം.പി ആക്കിയതു വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമാണ് മാത്യു കുഴൽനാടൻ പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസ് മന്ത്രിസഭയിൽ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോൾ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാൽ പിണറായി രാജിവയ്ക്കേണ്ടി വന്നാൽ സി.പി.എമ്മിൽ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു തന്നെ മാറ്റിനിർത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.