നിരോധനം കൊണ്ട് ആശയം ഇല്ലാതാക്കാനാകില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂർ: നിരോധനം കൊണ്ട് ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പോപുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ പറ്റി കൂടുതൽ കാര്യങ്ങൾ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കും. നിരോധനം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. സംസ്ഥാന സർക്കാർ എന്ന നിലക്ക് കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.
രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവർത്തനത്തിൽ നേരിട്ട് ബന്ധം, ഫണ്ട് സ്വരൂപണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.