എല്ലാം ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ട്, അത് വിശ്വസിക്കുന്നു; വിവാദം എൽ.ഡി.എഫിന് തിരിച്ചടിയാവില്ല -എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം മാധ്യമങ്ങൾ ചമച്ച വാർത്തകളാണ്. ഇ.പി. ജയരാജനെ പാർട്ടി വിശ്വസിക്കുകയാണ്.പാർട്ടിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. ഇക്കാര്യത്തിൽ ജയരാജൻ തന്നെ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പാർട്ടിക്ക് പറയാനില്ല. വിവാദം തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയാവില്ല. പുസ്തക രചന നടത്തുന്നതിന് പാർട്ടിയുടെ മുൻകൂർ അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി മൗനം പാലിച്ചു. വിവാദങ്ങളെ തുടർന്ന് പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡി.സി. ബുക്സ് അറിയിച്ചിരുന്നു. എഴുതിത്തീരാത്ത പുസ്തകത്തിലെ പരാമർശങ്ങൾ പുറത്തുവന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഡി.സി.ബുക്സിനെതരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം.
സി.പി.എമ്മിനെതിരെ തുറന്നടിക്കുന്ന രീതിയിലുള്ള ഇ.പിയുടെ പരാമർശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജൻ എഴുതിയ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്.
രണ്ടാം പിണറായി സർക്കാർ വളരെ ദുർബലമാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവർ ചിത്രമുള്ള പുസ്തകമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.