ഇലക്ടറൽ ബോണ്ട് കൊള്ളയിൽ പങ്കാളിയായ പാർട്ടിയാണ് കോൺഗ്രസ് -എം.വി. ഗോവിന്ദൻ
text_fieldsആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും രാഹുൽ ഗാന്ധിയെ വിമർശിക്കാൻ കാരണമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നത് തടയാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ബി.ജെ.പിക്ക് വേണ്ടി മൽസരിക്കുന്ന 1118 പേർ മുൻ കോൺഗ്രസുകാരാണ്. മുൻ മുഖ്യമന്ത്രിമാരായ കരുണാകരന്‍റെയും ആന്റണിയുടെയും മക്കൾ ഉൾപ്പെടെ പോയി. കേരളത്തിൽ നാല് മുൻ കോൺഗ്രസുകാർ എൻ.ഡി.എ സ്ഥാനാർഥികളാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ട് കൊള്ളയാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. സി.പി.എമ്മും അതാണ് പറയുന്നത്. എന്നാൽ, കൊള്ളയിൽ പങ്കാളിയായ പാർട്ടിയാണ് കോൺഗ്രസ്. സി.പി.എം ഇലക്ടറൽ ബോണ്ടിനെതിരെ കോടതിയിൽ പോയ പാർട്ടിയാണ്. ബി.ജെ.പിയും കോൺഗ്രസും മുതലാളിമാരുടെ ചെലവിൽ പ്രവർത്തിക്കുന്നു, ഞങ്ങൾ ജനങ്ങളുടെ ചെലവിലും. സി.പി.എമ്മിന്‍റെ ഫണ്ടും മരവിപ്പിച്ചില്ലേ എന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു.
മുംബൈ വിമാനത്താവളം അദാനിക്ക് കൊടുത്തതിന്റെ കാരണങ്ങളെപ്പറ്റി രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം സംസ്ഥാാന സർക്കാറിന് നൽകുന്നതിനെ എതിർത്തത് ശശി തരൂരാണ്. കെ.കെ. ഷൈലജക്കെതിരെ അശ്ലീല ആക്രമണമാണ് നടക്കുന്നത്. രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ലാത്തതിനാൽ അശ്ലീലം പറയാമെന്ന നിലപാടാണ്. ഇതിന് പിന്നിൽ യു.ഡി.എഫാണ്. ഗുണഭോക്താവ് ആരാണെന്ന് നോക്കിയാലറിയാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ പ്രചാരണത്തിനായി നടത്തിയ തെരുവുനാടകത്തിനു നേരെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തെയും യു.ഡി.എഫ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിനെയും അംഗീകരിക്കുന്നില്ല. തങ്ങളുടെ സാമഗ്രികൾ നശിപ്പിക്കുന്നതായും പരാതിയുണ്ടെന്നും നടപടി സ്വീകരിക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.