പിണറായി സൂര്യനെ പോലെ, അടുത്തു പോയാൽ കരിഞ്ഞു പോകും; മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളെന്ന് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്നും അടുക്കാനാവില്ലെന്നും കരിഞ്ഞുപോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.കെ.ജി സെന്ററിൽ വാർത്തസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. ‘‘നിയമസഭ തെരഞ്ഞെടുപ്പിന് ഏല്ലാ ഏജൻസികളും കൂടി കുത്തിക്കലക്കിയിട്ടും മുഖ്യമന്ത്രിയിലേക്കെത്താൻ ഒരു വഴിയുമുണ്ടായില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹത്തിലേക്ക് എത്താനാകാത്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും എത്താൻ കഴിയാത്ത ദൂരത്താണ്. സൂര്യനെപ്പോലെ. അതാണ് കാര്യം; കരിഞ്ഞുപോകും. അടുക്കാൻ പറ്റില്ല.’’ - എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ജാതി സർവേ നടത്താൻ ഉദ്ദേശിക്കുന്നില്ല. ജാതി സർവേ അല്ല, ജാതി സെൻസസാണ് നടക്കേണ്ടത്. ജാതി സർവേ ബിഹാറിൽ ഇപ്പോൾ നടന്നതുപോലുള്ള ഒന്നാണ്. അതുകൊണ്ട് സംവരണ പ്രശ്നം പരിഹരിക്കപ്പെടില്ല. സമഗ്രമായി ഇന്ത്യയിൽ ആകെ ബാധകമായുള്ള സാമൂഹിക സാമ്പത്തിക സർവേയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജാതി സർവേയും നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാറാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
സ്വർണക്കടത്തിന് പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനും പ്രധാനമന്ത്രിക്കുമാണ്. സ്വർണക്കടത്ത് നടന്നത് വിമാനത്താവളം വഴിയാണ്. നയതന്ത്ര ബാഗിലാണ് വന്നത്. അതൊക്കെ കേന്ദ്രനിയന്ത്രണത്തിലാണ്. സ്വർണക്കടത്ത് ഇനിയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ. ഞങ്ങൾക്ക് ഭയമില്ല. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് തിരിച്ചറിഞ്ഞുള്ള നിലപാട് കോൺഗ്രസ് സ്വീകരിക്കണം. പ്രതിഷ്ഠ ചടങ്ങിൽ സി.പി.എം പങ്കെടുക്കില്ല.
എന്നാൽ, പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അത് അവരുടെ മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമാണ്. കോൺഗ്രസ് രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നത് ഇൻഡ്യ മുന്നണിയുമായുള്ള സി.പി.എമ്മിന്റെ ബന്ധത്തെ ബാധിക്കില്ല. പീഡനത്തിനിരയായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തോട് മൗനം പാലിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ട് സ്ത്രീ സുരക്ഷയെക്കുറിച്ച് പറയേണ്ട.
മണിപ്പൂരിൽ സ്ത്രീകളെ മാനഭംഗം ചെയ്തപ്പോൾ മിണ്ടാതിരുന്ന, ബൾക്കീസ് ബാനു കൂട്ട ബലാത്സംഗ ക്കേസിലെ പ്രതികളെ വിട്ടയച്ചതിനെ പിന്തുണക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.