ആശമാരുടെ സമരത്തിന് പിന്നിൽ മഴവിൽ സഖ്യം; സമരം ഇടതു വിരുദ്ധമാക്കാൻ ശ്രമം -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഓണറേറിയമടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന ആശാവർക്കർമാർക്ക് പിന്നിൽ മഴവിൽ സഖ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കമ്മ്യൂണിസ്റ്റു വിരുദ്ധരാണവർ. സർക്കാർ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് ആശമാരുടെ സമരത്തിന് പിന്നിലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ആശമാർക്ക് മിനിമം കൂലികൊടുക്കണമെന്നാണ് സർക്കാറിന്റെ അഭിപ്രായം. ആശാസമരം ഇടതുവിരുദ്ധമാക്കാനാണ് ശ്രമം നടക്കുന്നത്.
അതിനിടെ, ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഡൽഹിയാത്രയിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
ആശാവർക്കർമാരുടെ സമരത്തെ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിമർശിച്ചിരുന്നു. കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിതെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ വാദം.
40 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ് ആശമാർ. അവരുടെ നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.