പുതുപ്പള്ളിയിൽ സഹതാപമാണ് യു.ഡി.എഫിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ സഹതാപമാണ് യു.ഡി.എഫിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ ജനവിധി മാനിക്കുന്നു. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്‌ക് സി. തോമസിന് നേടാനായി.
പുതുപ്പള്ളിയിൽ എൽ.ഡി.എഫിന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇപ്രാവശ്യം ഇത്രയും വോട്ട് ലഭിച്ചത് എൽ.ഡി.എഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്. ബി.ജെ.പിക്ക് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായത്.
19,000 വരെ വോട്ട് നേടിയിട്ടുള്ള മണ്ഡലത്തിൽ 6,558 ആയി കുറഞ്ഞു. ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് പോയിട്ടുണ്ട്. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്‌ചപ്പാടുകൾ എൽ.ഡി.എഫ് രൂപപ്പെടുത്തും.
ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്. വലിയ അവകാശവാദങ്ങൾ എൽ.ഡി.എഫ് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. സർക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ് ഫലം. എല്ലാത്തിനും മുകളിൽ സഹതാപമാണ്. എൽ.ഡി.എഫിന് എല്ലാ വിഭാഗത്തിന്റേയും വോട്ട് കിട്ടിയിട്ടുണ്ട്.
53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ജയിക്കുക മാത്രമാണ് ചെയ്‌തത്. ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന ചാണ്ടിയുടെ പ്രസ്‌താവന ശരിയാണ്. വളരെ മാന്യമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ് നൽകുന്നതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.