മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് എം.വി ഗോവിന്ദൻ; സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കും
text_fieldsതിരുവനന്തപുരം: സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.
ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കണമെന്ന് മാധ്യമങ്ങൾ തന്നെയാണ് ഇന്നലെ പറഞ്ഞത്. ഉടൻ തന്നെ സർക്കാർ നടപടി സ്വീകരിച്ചു. കർശന നടപടി സ്വീകരിച്ച സർക്കാറിന് മാധ്യമങ്ങൾ പിന്തുണ നൽകുകയാണ് വേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.
മാധ്യമത്തിന്‍റെ പേരുപറഞ്ഞ് ആരെയും കേസിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. മാധ്യമങ്ങൾക്ക് അവരുടേതായ നിലപാടുണ്ട്, അതിൽ ഉറച്ചുനിൽക്കണം. അല്ലാതെ സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്താൻ ശ്രമിച്ചപ്പോൾ മുമ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തിയാൽ ആരായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയുടെ ഭാഗമായ ചിലരെ ഉൾപ്പെടുത്തണം ചിലരെ ഒഴിവാക്കണമെന്ന് പറയാനാവില്ല. വാർത്താ റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടത്. മാധ്യമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന നടപടികളെ പുതിയ സംഭവുമായി താരതമ്യം ചെയ്യേണ്ടെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.