വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാൻ തയാറെന്ന് എം.വി. ഗോവിന്ദൻ; ‘പക്ഷേ, ഉപതെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് നിരക്കുന്നതല്ല’
text_fieldsതിരുവനന്തപുരം: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നേരിടാൻ ഇടതുപക്ഷം തയാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ എവിടെയും ഇന്നോ നാളെയോ ഏത് സാഹചര്യത്തിലായാലും ഏത് സന്ദർഭത്തിലായാലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാർട്ടി അതിനെ നേരിടാൻ ഒരുക്കമാണ്. എന്നാൽ, വയനാട്ടിലേത് നിയമപോരാട്ടം നടക്കുന്ന കാര്യമാണ്. ഇപ്പോൾ തന്നെ അന്തിമമായിരിക്കുന്നു എന്ന രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ഏതുവിധേനയും പ്രതിപക്ഷത്തെ പാർലമെന്റിൽനിന്ന് പുറത്താക്കാൻ ശ്രമംനടത്തുകയാണ് സർക്കാർ. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല. അത്തരമൊരുനീക്കം ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കില്ല - ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസുകാർ സമരം നടത്തേണ്ടത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരേ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നതെന്ന് എം.വി. ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു. ‘രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നുവരണം. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളില്‍ തളയ്ക്കപ്പെടാന്‍ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാന്‍ ശക്തമായ പ്രതിരോധമുയര്‍ത്തണം. 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.