മുഖ്യമന്ത്രി അർഹിക്കുന്നതിന് മാത്രമേ മറുപടി പറയേണ്ടതുള്ളൂ -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മകൾ വീണക്കെതിരായ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി അർഹിക്കുന്നതിന് മാത്രമേ മറുപടി നൽകേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത സമ്മേളനം നടത്തുന്നത് വലിയ കാര്യമല്ല. വാർത്തസമ്മേളനം നടത്താൻ ബുദ്ധിമുട്ടുള്ള ആളല്ല മുഖ്യമന്ത്രിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആരോപണം ഉന്നയിച്ച കുഴൽനാടൻ മറുപടി പറയേണ്ട ചില കാര്യങ്ങളുമുണ്ട്. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിലെ നികുതി വെട്ടിപ്പിനെ കുറിച്ചും ഭൂനിയമ ലംഘനത്തെ കുറിച്ചും അഭിഭാഷക ജോലിക്കൊപ്പം ബിസിനസ് നടത്തിയതിനെ കുറിച്ചും കുഴൽനാടനിൽ നിന്ന് മറുപടി വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ എ.സി.മൊയ്തീന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എ.സി. മൊയ്തീനെ സംശയമുനയിൽ നിർത്താനാണ് ഇ.ഡി ശ്രമം. അദ്ദേഹം മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണ്. ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ പരിശോധനയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പുതുപ്പള്ളിയിൽ വികസനമുണ്ടായിട്ടില്ലെന്ന കാര്യം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും പുതുപ്പള്ളി യു.ഡി.എഫിന് ഇ.സി വാക്കോവർ ആയിരിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.