കെ-റെയിൽ അപ്പംവിൽക്കുന്ന പാവപ്പെട്ടവരെ കൂടി ഉൾക്കൊള്ളുന്ന പദ്ധതി -എം.വി. ഗോവിന്ദൻ
text_fieldsആലപ്പുഴ: അപ്പംവിൽക്കുന്ന കുടുംബശ്രീ അടക്കമുള്ള പാവപ്പെട്ടവരെ കൂടി ഉൾക്കൊള്ളുന്ന പദ്ധതിയാണ് കെ-റെയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ ആദ്യദിനത്തിൽ തുറവൂർ, ചേർത്തല എന്നിവിടങ്ങളിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ഗുണമേന്മയുള്ള അപ്പമുണ്ടാക്കി വിൽക്കാമെന്ന് പറഞ്ഞപ്പോൾ വലിയ പരിഹാസമായിരുന്നു. ആ പരിഹാസം ഞങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല. കുടുംബശ്രീയിലെ പാവപ്പെട്ടവരെകൂടി ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ് കെ-റെയിൽ. അതിനുവേണ്ടിയാണ് നിലകൊള്ളുന്നത്. കേരളം മാറുന്നതിന്റെ ഭാഗമായിട്ടാണ് കെ-റെയിൽ കൊണ്ടുവന്നത്. കേരളത്തിന്റെ 50 കൊല്ലത്തെ വികസനപ്രവർത്തനമായിരുന്നു ലക്ഷ്യം. 20 മിനിറ്റ് ഇടവിട്ട് 39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും പോകും. കടമെന്ന് കേൾക്കുമ്പോൾ സിലോണാകുമെന്ന അബദ്ധങ്ങളാണ് കെ. സുധാകരനും വി.ഡി. സതീശനും എഴുന്നള്ളിച്ചത്.
മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത് മാർക്സിസ്റ്റ് പാർട്ടി മതനിരാസം മുന്നോട്ടുവെക്കുന്നവരാണെന്നാണ്. പള്ളിക്കും ഖുർആനും മുസ്ലിം സമുദായത്തിനും എതിരാണെന്ന് പറയിച്ച് വോട്ടെടുപ്പിന്റെ തലേദിവസം ഖുർആനുമേൽ കൈവെച്ച് ‘ഏണിക്ക്’ വോട്ടുചെയ്യുന്ന ആ പഴയകാലം കേരളത്തിലുണ്ടാവില്ല. മലപ്പുറത്ത് 10.5 ലക്ഷംവോട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. ജാഥ കൊണ്ടോട്ടിയിൽ എത്തിയപ്പോൾ സഖാക്കൾ വിളിച്ചത് ചുവന്ന മലപ്പുറത്തേക്ക് സ്വാഗതമെന്നാണ്. മലപ്പുറം കൂടി ചുവന്നാൽ കേരളത്തിലെ ചുവപ്പ് പൂർണമാകും. ലോകത്ത് ഉന്നതവിദ്യാഭ്യാസം ഏറെനേടുന്ന പെൺകുട്ടികൾ കേരളത്തിലാണ്. അതിൽ നല്ലൊരുപങ്ക് മുസ്ലിംകളാണ്.
കേരളത്തിനെതിരെ കേന്ദ്രസർക്കാർ സാമ്പത്തികഉപരോധം ഏർപ്പെടുത്തുകയാണ്. മാർച്ച് 31നകം 40,000 കോടി രൂപ നഷ്ടപ്പെടുന്ന നിലപാട് സ്വീകരിച്ചു. 2025-ൽ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമായി മാറ്റുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം. ഫാഷിസത്തിലൂടെ മാത്രമേ അതിന് വഴിയുള്ളൂ. ലക്ഷക്കണക്കിന് മനുഷ്യരെ അണിനിരത്തി ഫാഷിസത്തെ പ്രതിരോധിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജാഥാഅംഗങ്ങളായ അഡ്വ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, ഡോ. കെ.ടി. ജലീൽ, പി.കെ. ബിജു എന്നിവർ സംസാരിച്ചു.
'കുട്ടനാട്ടിലെ സി.പി.എമ്മിൽ കുഴപ്പമുണ്ട്, തിരുത്തിയേ പറ്റൂ'
ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എമ്മിൽ കുഴപ്പങ്ങളുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് നെടുമുടിയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് തുറന്നടിച്ചത്.
തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല. തിരുത്തിയേ പറ്റൂ. അതിന്റെ ഭാഗമായി എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് കൂസുന്നില്ല. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. അതിന് മേലെ ഒരാളും പറക്കേണ്ട. മാറിനിൽക്കുന്ന നല്ല കാഡർമാരെ തിരികെകൊണ്ടുവരും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് നഷ്ടമായെന്നായിരുന്നു വാർത്ത. അത് പാർട്ടി പരിശോധിച്ചു. കോ-ലീ-ബി സഖ്യത്തൊപ്പം ഒരു ‘ജെ’കൂടി ചേർന്നിട്ടുണ്ടെന്ന് അപ്പോൾ അറിഞ്ഞു. അത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ സി.പി.എമ്മിൽനിന്നുള്ള കൂട്ടരാജിയും തെരുവിൽ ഏറ്റുമുട്ടിയതും അടക്കമുള്ള വിഭാഗീയ പ്രശ്നങ്ങൾ ഒത്തുതീർപ്പിലായെന്ന് ജില്ല നേതൃത്വം അവകാശപ്പെടുമ്പോഴാണ് കുഴപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയുടെ കുറ്റസമ്മതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.