എം.വി. ഗോവിന്ദന്റെ അപകീർത്തി കേസും അട്ടിമറിച്ചു
text_fieldsകണ്ണൂർ: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ വിവാദച്ചുഴിയിലായ പൊലീസിലെ ഉന്നത ലോബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ നൽകിയ അപകീർത്തി കേസും അട്ടിമറിച്ചു. കണ്ണൂർ റൂറൽ എസ്.പിയും രണ്ട് ഡിവൈ.എസ്.പിമാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ഒരുതവണ പ്രതികളുടെ മൊഴിയെടുത്തുവെന്നല്ലാതെ മാസങ്ങളായി ഒന്നും ചെയ്തില്ല. എസ്.പിയെയും ഡിവൈ.എസ്.പിയെയും സ്ഥലംമാറ്റുകയും ചെയ്തതോടെ അന്വേഷണ സംഘവും ഇപ്പോഴില്ല. പുതിയ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ റൂറൽ എസ്.പി ഡി.ജി.പിക്ക് കത്തയച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുമുണ്ടായില്ല. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് കടുത്ത അമർഷത്തിലാണ് പാർട്ടി പ്രവർത്തകർ.
കഴിഞ്ഞവർഷം മാർച്ചിലാണ് സ്വപ്നക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽനിന്ന് പിന്മാറാൻ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. ഫേസ്ബുക്ക് ലൈവിലാണ് ഗുരുതര ആരോപണമുന്നയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. കണ്ണൂർ റൂറൽ എസ്.പി എം. ഹേമലത, കണ്ണൂർ അസി. കമീഷണർ ടി.കെ. രത്നാകരൻ, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ് തുടങ്ങിയവരുൾപ്പെടുന്ന സംഘത്തെ അന്വേഷണത്തിന് ചുതലപ്പെടുത്തി.
പ്രതികളെ ഒരു തവണ ചോദ്യം ചെയ്തുവെന്നല്ലാതെ സാക്ഷികളുടെ മൊഴിയെടുക്കാനോ തെളിവ് ശേഖരിക്കാനോ കുറ്റപത്രം നൽകാനോ ഒന്നും സംഘം ശ്രമിച്ചില്ല. ഇതിനിടെയാണ് സംഘത്തിലെ പ്രധാനികളെ സ്ഥലം മാറ്റിയത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ തസ്തികക്കു പകരം പേരുകൾ നൽകിയതിനാൽ മറ്റാർക്കും അത് അന്വേഷിക്കാനും കഴിയില്ല. അഭിഭാഷകർ ഇടപെട്ട ശേഷമാണ് കേസെടുക്കാൻ തന്നെ നിർബന്ധിതമായത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി എം.വി. ഗോവിന്ദൻ വേറെയും മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ആ കേസിൽ ഇനി വിചാരണ നടക്കാനുണ്ട്.
നടൻ മോഹൻലാലിനെ അപകീർത്തിപ്പെടുത്തിയെന്ന സമാന സംഭവത്തിൽ മണിക്കൂറുകൾക്കകമാണ് യൂട്യൂബർ അജു അലക്സിനെതിരെ (ചെകുത്താൻ) കേസെടുത്തത്. ഈ ആവേശം സി.പി.എം സെക്രട്ടറിയുടെ പരാതിയിൽ ഇല്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.