ഡൽഹി റെയ്ഡ്: സംഘ്പരിവാറിനെതിരായ ആശയസമരത്തിന് ആരെയും അനുവദിക്കില്ലെന്ന സമീപനമെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ വീടുകളിലെ ഡൽഹി പൊലീസ് റെയ്ഡിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണകൂട ശക്തികൾക്കും സംഘ്പരിവാർ വിഭാഗങ്ങൾക്കും എതിരായി ആശയപരമായ സമരത്തിലേർപ്പെടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സ്വേച്ഛാധിപത്യമായ സമീപനമാണ് മാധ്യമരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിലെ സർവമേഖലകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം നമ്മൾ ഇപ്പോൾ കാണുകയാണ്. പ്രതിഷേധാർഹമായ ഈ നിലപാട് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. പത്രസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ ശക്തികൾ രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതീക്ഷ.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ് നടന്നുവെന്ന വാർത്ത വസ്തുതാപരമായി ശരിയല്ല. കർഷക സംഘത്തിന്റെ ഉൾപ്പെടെ സംഘടനാ പ്രവർത്തനം നടത്തുന്ന കെട്ടിട സമുച്ചയം സീതാറാം യെച്ചൂരിയുടെ പേരിലുള്ളതാണ്. അവിടെയാണ് കർഷസംഘത്തിന്റെ ഉൾപ്പടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നത്. അവിടെ ചില പത്രപ്രവർത്തകർ അടക്കള്ളവരും താമസിക്കുന്നുണ്ട്.
പത്രപ്രവർത്തകന്‍റെ താമസസ്ഥലമായത് കൊണ്ടാണ് അവിടെ റെയ്ഡ് നടന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മീഡിയവണിനെതിരെ നടന്ന സംഭവം നമുക്കറിയാവുന്നതാണ്. പല മാധ്യമങ്ങൾക്കും എതിരായി ഇത്തരം കടന്നാക്രമണങ്ങൾ നടത്തി വരികയാണ്. ഇതിനെ ജനാധിപത്യ ഇന്ത്യ ശക്തമായി നേരിടേണ്ടതുണ്ടെന്നും ഫലപ്രദമായി പ്രതിഷേധം രേഖപ്പെടുത്തണമെന്നുമാണ് പറയാനുള്ളതെന്ന് എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.