'മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി'; ഗുരുതര ആരോപണവുമായി എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിന്റെ കൂട്ടുപ്രതിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സൺ പീഡിപ്പിക്കുമ്പോള്‍ കെ. സുധാകരനും അവിടെയുണ്ടായിരുന്നെന്ന് അതിജീവിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഈ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നും എം.വി. ഗോവിന്ദന്‍ തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസിൽ പറഞ്ഞു.
മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. എന്നാല്‍, അതിജീവിതയുടെ രഹസ്യ മൊഴി താങ്കള്‍ എങ്ങനെ അറിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകർ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നുമായി ഗോവിന്ദന്‍റെ വിശദീകരണം.
‘‘മോൻസണ് മൂന്ന് ജീവപര്യന്തവും 35 വർഷം തടവുമാണ് പോക്സോ കോടതി വിധിച്ചത്. അതുകൊണ്ട് കെ. സുധാകരന്റെ അവസ്ഥ പ്രത്യേകം പറയുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണസംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പീഡനം നടക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിത പറഞ്ഞത്.
ആ കേസിലാണ് മോന്‍സണെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാം പ്രതി സുധാകരന്‍ വേറെ എന്ത് വിശദീകരണം നല്‍കിയിട്ട് എന്തു കാര്യം. അതുകൊണ്ട് ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താൽപര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നത്- ഗോവിന്ദൻ പറഞ്ഞു.
പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. മോൻസണെ ശിക്ഷിച്ചതിന് പിന്നാലെ പുതിയവിവരം പുറത്തുവരുമ്പോൾ അതിന്മേൽ തുടരന്വേഷണം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.