താലിബാനും മോദി സർക്കാറുമായുള്ള ബന്ധം സി.പി.എം നിലപാട് ശരിവെക്കുന്നത് -എം.വി. ഗോവിന്ദൻ
text_fieldsപുനലൂർ: രാജ്യത്ത് മുസ്ലിംകളെ അടിച്ചുകൊല്ലാനും കൂട്ടക്കൊല ചെയ്യാനും ആഹ്വാനം ചെയ്യുന്ന സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭീകരവാദ പ്രസ്ഥാനമായ താലിബാനെ പഠനത്തിന് ക്ഷണിച്ചതിന് പിന്നിലുള്ള ലക്ഷ്യമെന്തെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തങ്ങൾ ഭീകരവാദത്തിനെതിരാണെന്ന് നാഴികക്ക് നാൽപതുവട്ടം പറയുന്ന മോദി സർക്കാറാണ് അഫ്ഗാനിസ്താനിലെ ഭീകരവാദ ഭരണകൂടവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. വിദേശ മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് താലിബാൻ കോഴിക്കോട് ഐ.ഐ.എമ്മിൽ നടത്തുന്ന ‘ഇന്ത്യൻ ചിന്തകളുടെ ഭാഗഭാക്കാക്കൽ’ വിഷയത്തിലുള്ള കോഴ്സിൽ ചേർന്നത്. ഭീകരവാദികൾ ഭീകരവാദികളെ സഹായിക്കുമെന്ന സി.പി.എമ്മിന്‍റെ വിശകലനം ശരിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ആർ.എസ്.എസ് നയിക്കുന്ന മോദി സർക്കാറും താലിബാനും തമ്മിലെ ബന്ധം.
ദിവസങ്ങൾക്ക് മുമ്പാണ് ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിൽ ചർച്ച നടന്നത്. ഈ ചർച്ചകൾ എതെല്ലാം തലത്തിൽ രൂപപ്പെട്ടുവെന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകരുതെന്നതുൾപ്പെടെ കാര്യങ്ങളിൽ ആർ.എസ്.എസിനും താലിബാനും മറ്റും ഒരേ ആശയ പദ്ധതിയാണുള്ളത്. കിഴിഞ്ഞ ദിവസം പാനപ്പത്തിൽ സമാപിച്ച ആർ.എസ്.എസിന്‍റെ പ്രതിനിധി സഭ സ്ത്രീകൾക്ക് അംഗത്വം നൽകേണ്ടതില്ലെന്ന തീരുമാനം ശരിവെച്ചതും ഇതോടൊപ്പം ചേർത്തുവായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.