സോളാർ കേസ്: കത്ത് പുറത്ത് വന്നാലും ഇല്ലെങ്കിലും സി.പി.എമ്മിന് ഗുണമെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സോളാർ ലൈംഗിക പീഡനകേസിൽ പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതിൽ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്നങ്ങൾ പുറത്ത് വരുമെന്നതിനാലാണ് സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. എന്നാൽ, ഇക്കാര്യം ഉമ്മൻചാണ്ടി അറിഞ്ഞിരുന്നില്ലെന്നും അറസ്റ്റ് അദ്ഭുതപ്പെടുത്തിയെന്നുമാണ് കെ.സി ജോസഫ് വാർത്തസമ്മേളനം നടത്തി പറഞ്ഞത്. ഇത്തരത്തിൽ വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളാണ് കോൺഗ്രസിൽ നിന്നും പുറത്ത് വരുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
സോളാർ കേസിൽ സി.പി.എം കക്ഷിയല്ല. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ വിവാദത്തിൽ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉൾപ്പടെ എല്ലാ കാര്യവും ചെയ്തത് കോൺഗ്രസ് സർക്കാറാണ്. പിണറായി വിജയന്റെ അനുവാദപ്രകാരമാണ് കത്ത് പുറത്ത് വിട്ടതെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം എം.വി ഗോവിന്ദൻ നിഷേധിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ദല്ലാൾ നന്ദകുമാർ ഉന്നയിക്കുന്നത്. കത്ത് പുറത്ത് വരേണ്ടത് ആരുടെ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. കത്ത് പുറത്ത് വന്നാലും വന്നില്ലെങ്കിലും സി.പി.എമ്മിന് ഗുണമാണ്. സോളാർ കേസിൽ സി.പി.എം ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അതോടു കൂടി സി.പി.എമ്മിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.