രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: ആൾദൈവങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും രാമന് ചോരുന്ന ക്ഷേത്രം നിർമിക്കുകയും ചെയ്യുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോടികൾ മുടക്കി പണിത അയോധ്യയിലെ രാമക്ഷേത്രത്തിന് ചോർച്ചയുണ്ടായതിന്റെ പേരിൽ ഒരാളുടെ പേരിൽ പോലും നടപടി ഉണ്ടായിട്ടില്ലെന്നും ഈ ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ വല്ല നടപടിയും വരുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘123 പേരുടെ മരണത്തിനിടയാക്കിയ യുപിയിലെ ഹഥ്‌റസിൽ ആത്മീയ പ്രഭാഷണത്തിന് നേതൃത്വം കൊടുത്ത ആൾദൈവം നാരായൺ സാക്കർ ഹരി എന്ന ബോലെ ബാവയെ ആദിത്യനാഥ് സർക്കാർ കുറ്റ വിമുക്തനാക്കിയ നടപടി പ്രതിഷേധാർഹമാണ്. 80,000 പേർക്ക് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന സ്ഥലത്ത് രണ്ടരലക്ഷം പേരെ പങ്കെടുപ്പിച്ചതാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാൻ ഇടയാക്കിയത്. പൊലീസിനെ വേദി പരിശോധിക്കുവാൻ അനുവദിച്ചില്ല. എഫ്.ഐ.ആറിലോ എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലോ ഭോലേ ബാബയുടെ പേരില്ല. ഉദ്യോഗസ്ഥന്മാരെ മാത്രം ബലിയാടാക്കി ബി.ജെ.പി സർക്കാർ തടിയൂരി.
കോടികൾ മുടക്കി പണിത അയോധ്യയിലെ രാമക്ഷേത്രത്തിന് ചോർച്ചയുണ്ടായതിന്റെ പേരിൽ ഒരാളുടെ പേരിൽ പോലും നടപടി ഉണ്ടായിട്ടില്ല. ക്ഷേത്രനിർമിതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തം. സർക്കാർ ഖജനാവിൽ നിന്നുമാണ് പണം അനുവദിച്ചത്. അത് ജനങ്ങളുടെ പണമാണ്. ഈ ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ വല്ല നടപടിയും വരുമോ എന്നാണ് ഇനി അറിയാനുള്ളത്. സത്യം മൂടിവെച്ച് അസത്യത്തിന്റെ ചെരുപ്പണിഞ്ഞ് ലോകം ചുറ്റുന്നവരാണ് ബി.ജെ.പിക്കാർ. ആൾദൈവങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും രാമന് ചോരുന്ന ക്ഷേത്രം നിർമിക്കുകയും ചെയ്യുന്ന പാർട്ടിയായി ബി.ജെ.പി മാറി’ -അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.