വംശീയാധിക്ഷേപം; വെട്ടിലായി സി.പി.എം
text_fieldsകണ്ണൂർ: ഏഷ്യാനെറ്റ് ന്യൂസ്-സർക്കാർ പോരിനിടെ വംശീയാധിക്ഷേപ പരാമർശം നടത്തി വെട്ടിലായി സി.പി.എം നേതൃത്വം. ചാനൽ ലേഖകൻ നൗഫൽ ബിൻ യൂസഫിനെ അൽഖാഇദ തലവനായിരുന്ന ഉസാമ ബിൻലാദിനുമായി സാമ്യപ്പെടുത്തി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ നടത്തിയ പരാമർശമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. വിഴിഞ്ഞം സമരവേളയിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ പേരിൽതന്നെ തീവ്രവാദിയുണ്ട് എന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തെ ശക്തമായി വിമർശിച്ച പാർട്ടിക്കാണ് സ്വന്തം പാളയത്തിൽനിന്ന് സമാനസാഹചര്യം നേരിടേണ്ടിവരുന്നത്. എം.വി. ജയരാജന്റെ പരാമർശം തള്ളിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പേര് നോക്കി ആക്ഷേപിക്കുന്നരീതി പാർട്ടിയുടേതല്ലെന്ന് വ്യക്തമാക്കി.
ഏഷ്യാനെറ്റിന്റെ നെറികേടിന് മാപ്പില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മാർച്ച് നാലിന് നടത്തിയ ജനകീയസദസ്സ് ഉദ്ഘാടനം ചെയ്താണ് എം.വി. ജയരാജൻ ബിൻലാദിൻ പരാമർശം നടത്തിയത്. പ്രസംഗത്തിൽ പലതവണ ലേഖകനെ ബിൻലാദിനുമായി താരതമ്യംചെയ്തു. ഇതിനു പുറമെ ലേഖകന്റെ പിതാവിന്റെ പേരും പ്രസംഗത്തിൽ വലിച്ചിഴച്ചു. വീട്ടിലിരിക്കുന്നവരെ കുറിച്ച് എന്ത് അസംബന്ധവും പറയാമോ എന്ന് നിയമസഭയിൽ ഇടക്കിടെ ഓർമപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ജില്ല സെക്രട്ടറി കൂടിയാണ് ഈ പരാമർശം നടത്തിയതെന്നാണ് കൗതുകകരം.
വിഴിഞ്ഞം സമരവേളയിൽ വൈദികനെതിരെ സർക്കാറും പാർട്ടിയും ശക്തമായി രംഗത്തുവന്നതോടെ പൊലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു. സഭയും വൈദികനും പിന്നീട് ഖേദവും പ്രകടിപ്പിച്ചു. എം.വി. ജയരാജനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. സംഭവത്തിൽ ഉൾപ്പെട്ട ചാനലിലെ മറ്റ് മാധ്യമപ്രവർത്തകർക്കൊന്നും നൽകാത്ത വിശേഷണം നൗഫലിന് നൽകിയത് ഇടതുചേരിക്ക് ചേർന്നതല്ലെന്നതാണ് പ്രധാന വിമർശനം. മുസ്ലിം വിരുദ്ധ മുൻവിധിയാണ് ബിൻ എന്നതിനുശേഷം ലാദിൻ എന്ന് കൂട്ടിച്ചേർക്കാൻ ഇടയാക്കിയതെന്നും വിവിധ മേഖലയിലുള്ളവർ പ്രതികരിച്ചു. അതിനിടെ, പേരിനൊപ്പം ‘ബിൻ’ എന്നത് അധികം കേട്ട് പരിചയമില്ലാത്തതിനാലാണ് എല്ലാവർക്കും അറിയുന്ന ബിൻലാദിനെ പരാമർശിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
കണ്ണൂർ ജില്ല സെക്രട്ടറിയെ തള്ളി സംസ്ഥാന സെക്രട്ടറി
കൊച്ചി: എം.വി. ജയരാജന്റെ ബിൻലാദൻ പ്രയോഗം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും പേരിന്റെ അടിസ്ഥാനത്തിൽ അപമാനിക്കുന്നത് സി.പി.എം നയമല്ലെന്ന് അദ്ദേഹം പറവൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബിൻലാദൻ പരാമർശം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയരാജന്റെ പ്രയോഗം ശ്രദ്ധയിൽപെട്ടിട്ടില്ല. ഒരു യോഗത്തിൽ പ്രസംഗിക്കവെ ഏഷ്യനെറ്റ് റിപ്പോർട്ടറായ നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻ ലാദൻ എന്ന് വംശീയ അധിക്ഷേപം നിറഞ്ഞ പരാമർശം എം.വി. ജയരാജൻ നടത്തുകയായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് അതു സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.