യോഗി കാൽകഴുകുന്നത് ജീവരക്തം കൊണ്ട്; അത് കുടിക്കാൻ അനുയോജ്യർ സംഘപരിവാർ -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: യു.പി മുഖ്യമന്ത്രി കാൽ കഴുകുന്നത് വെള്ളംകൊണ്ടല്ല, വർഗീയ കലാപത്തിലും ദുരഭിമാനഹത്യയിലും ഉന്നാവോ ഉൾപ്പെടെയുള്ള നിരവധി ബലാത്സംഗകൊലകളിലും ദലിത്‌വേട്ടയിലും ആൾക്കൂട്ട കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരുടെയും ഓക്‌സിജൻ കിട്ടാതെ പിടഞ്ഞുമരിച്ച കുരുന്നുകളുടെയും ജീവരക്തം കൊണ്ടാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആ കാൽ കഴുകി രക്തംകുടിക്കാൻ സംഘപരിവാറുകാരാണ് തീർത്തും അനുയോജ്യരെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ കാൽകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായി വിജയന് ഇല്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുർഭരണത്തിന് ഓസ്‌കാറുണ്ടെങ്കിൽ അതിന് ശുപാർശ ചെയ്യാൻ പരമയോഗ്യനായ യു.പി മുഖ്യന്‍റെ കാൽകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത സദ്ഭരണത്തിന് ദേശീയ -അന്തർദേശിയ പുരസ്‌കാരങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം കണ്ടു. അതിനർത്ഥം യു.പി മുഖ്യന്‍റെ കാൽ കഴുകിയ വെള്ളം ചിലര് കുടിക്കാറുണ്ട് എന്നാണ്. ആ കാൽ കഴുകിയ രക്തംകുടിക്കാൻ സംഘപരിവാറുകാരാണ് തീർത്തും അനുയോജ്യർ.
വികസനകാര്യങ്ങളിൽ യു.പി ഏറ്റവും പിറകിലാണെന്ന് പ്രധാനമന്ത്രി ചെയർമാനായ നീതി ആയോഗാണ് പറയുന്നത്. സുസ്ഥിരവികസനത്തിലും ഭരണമികവിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും പാലുൽപാദനത്തിലും ഒന്നാംസ്ഥാനം കേരളത്തിന് നൽകിയത് കേന്ദ്രസർക്കാരാണ്. ദേശീയ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം വർഗീയ കലാപമില്ലാത്ത സംസ്ഥാനം കേരളവും വർഗീയകലാപത്തിൽ റിക്കാർഡ് സൃഷ്ടിച്ച സംസ്ഥാനം ബിജെപി ഭരിക്കുന്ന യു.പി.യുമാണ്. കേരളത്തിലെ സൈബർഡോമിനാണ് അന്താരാഷ്ട്ര പുരസ്‌കാരം കിട്ടിയത്. അല്ലാതെ യു.പിക്ക് അല്ല. കോവിഡ് കാലത്ത് സൗജന്യ ചികിത്സ നൽകിയതും മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതും ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് കൈവരിച്ചതും യു.പിയല്ല കേരളമാണ്. അതുകൊണ്ടാണ് ലോകാരോഗ്യസംഘടന, യു.എൻ. മനുഷ്യാവകാശ സമിതി, 42 വിദേശ മാധ്യമങ്ങൾ എന്നിവരുടെ അംഗീകാരം നേടാൻ കഴിഞ്ഞത്. യു.പി. ഇക്കാര്യങ്ങളിലെല്ലാം വട്ടപ്പൂജ്യമായിരുന്നു.
ശബരിമല മാസ്റ്റർപ്ലാനിന്‍റെ ഭാഗമായി ശബരിമലയിൽ 21.55 കോടി രൂപ ചെലവിൽ ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപത്തിന്‍റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത തവണ യു.പി മുഖ്യമന്ത്രിയെയും കൂട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശബരിമലയിൽ പോകണം. യു.പി.യിൽ കിട്ടാത്ത ശുദ്ധജലവും നല്ല ഭക്ഷണവും വാങ്ങിക്കൊടുക്കണം -എം.വി. ജയരാജൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.