ബസിന് മുന്നിൽ ചാടിയ യൂത്ത് കോൺഗ്രസുകാരനെങ്ങാൻ മരിച്ചാൽ... -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: നവകേരള യാത്രക്കിടെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഡി.വൈ.എഫ്.ഐക്കാരെ ന്യായീകരിച്ചും കേസെടുത്ത പൊലീസിനെ വിമർശിച്ചും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പൊലീസ് തടയേണ്ടത് തടഞ്ഞില്ലെങ്കിൽ സ്വാഭാവികമായും ജനം തടയും. പൊലീസ് ചെയ്തത് ശരിയാണോ എന്ന് ആലോചിക്കണമെന്നും രാഷ്ട്രീയവിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
‘ഡി.വൈ.എഫ്.ഐക്കാർക്കെതിരെ കേസെടുത്ത പൊലീസിനോട് ഞങ്ങൾക്ക് കലിപ്പൊന്നുമില്ല. പക്ഷേ, അത് ശരിയാണോ എന്ന് പൊലീസ് ആലോചിക്കണം. നിങ്ങൾ തടയേണ്ടിടത്ത് നിങ്ങൾ തടയാതിരുന്നാൽ സ്വാഭാവികമായും തടയും. നിയമം കൈയിലെടുക്കാൻ പാടില്ല, അത് പറയാൻ പാടില്ല. പക്ഷേ അങ്ങനെയുള്ള ശീലം നിങ്ങൾ വളർത്തരുത്. യൂത്ത് കോൺഗ്രസുകാർ മൂന്നുനാലുപേർ വരുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. അവർ ബസിന് മുന്നിൽ ചാടിയാലും നമുക്ക് വിഷമമൊന്നും വരാനില്ല. പക്ഷേ, ആ ചാട്ടത്തിലൂടെ ഒരാളെങ്ങാൻ മരിച്ചാൽ, ഒരാളുടെയെങ്ങാനും കൈയും കാലും ഒടിഞ്ഞാൽ എന്നുവേണം നാം ഈ കാര്യത്തെ കാണാൻ. അത് പൊലീസിന് കഴിഞ്ഞില്ല എന്നതാണ് ദൗർഭാഗ്യകരം’ -ജയരാജൻ പറഞ്ഞു.
നവകേരളയാത്രക്ക് കണ്ണൂരിലെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ ക്രൂരമായി മർദിച്ചത് വിവാദമായിരുന്നു. ഇതിനെ രക്ഷാപ്രവർത്തനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സംഭവത്തിൽ പ്രതികളായ ഡി.വൈ.എഫ്.ഐക്കാർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ, പൊലീസ് നടപ്പാക്കേണ്ടത് സർക്കാർ നയമാണെന്നും ജനപ്രതിനിധികളെ അപമാനിക്കരുതെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റിൽ നഴ്സുമാരുടെ സമരത്തിനിടെ എം. വിജിൻ എം.എൽ.എയും ടൗൺ എസ്.ഐയും തമ്മിലുള്ള വാക്കേറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനപ്രതിനിധികളെ പൊലീസ് അപമാനിക്കുന്ന നില ഉണ്ടാകരുത്. വിജിനെ അപമാനിച്ചതിൽ നടപടി വേണം. പൊലീസ് നടപ്പാക്കേണ്ടത് സർക്കാർ നയമാണ്. എന്നാൽ വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. എം.എൽ.എ എം.എൽ.എയാണ്, പൊലീസ് പൊലീസും. സി.പി.എം ഭരിക്കുമ്പോഴും അല്ലാത്തപ്പോഴും സർക്കാർ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്’ -ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.