കള്ളപ്പണക്കേസിൽ ഷാഫി പറമ്പിലും പ്രതിയാകേണ്ടതല്ലേ? -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: അഴിമതി കേസിൽ കോൺഗ്രസ് നേതാവ് സിവി. പത്മരാജൻ പ്രതിയായതുപോലെ കള്ളപ്പണകേസിൽ ഷാഫി പറമ്പിലും പ്രതിയാകേണ്ടതല്ലേയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാലുകോടി രൂപ 2021ലെ ഇലക്ഷൻ സമയത്ത് കള്ളപ്പണം നൽകി എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണത്തെ അടിസ്ഥാനമാക്കിയാണ് ജയരാജന്റെ ചോദ്യം. ഇക്കാര്യം ബി.ജെ.പി സ്ഥാനാർഥി ശരിവെക്കുകയും ഇത്തവണയും കോൺഗ്രസ്സുകാർ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിൽ കള്ളപ്പണം എത്തിച്ചു എന്ന് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം തന്നെയാണ് എൽഡിഎഫ് പരാതിയായി നേരത്തേ പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
അഴിമതിയിലും കള്ളപ്പണത്തിലും മുന്നിൽ കോൺഗ്രസ് തന്നെ
പാലക്കാട് മുൻ എം.എൽ.എ.യും ഇപ്പോൾ വടകര എം.പി.യുമായ കോൺഗ്രസ് നേതാവിന് നാലുകോടി രൂപ 2021ലെ ഇലക്ഷൻ സമയത്ത് കള്ളപ്പണം നൽകി എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ശരിവെക്കുക മാത്രമല്ല, ഇത്തവണയും കോൺഗ്രസ്സുകാർ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിൽ കള്ളപ്പണം എത്തിച്ചു എന്ന് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുകയും ചെയ്തിരിക്കുകയാണ്. ഇക്കാര്യം തന്നെയാണ് എൽഡിഎഫ് പരാതിയായി നേരത്തേ പറഞ്ഞത്.
പാലക്കാടാണെങ്കിൽ ബിജെപിയുടെ കള്ളപ്പണത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. കൊടകരയിൽ കള്ളപ്പണം പിടിക്കപ്പെട്ടപ്പോഴും കോൺഗ്രസ് മൗനത്തിലായിരുന്നു. ഇത്തവണ ബിജെപി ഒരു വെല്ലുവിളി കൂടി നടത്തി. തങ്ങൾ നടത്തിയ വെളിപ്പെടുത്തൽ സത്യമല്ലെങ്കിൽ തങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ധൈര്യമുണ്ടോ എന്ന് വടകര എം.പി.യോടൊരു ചോദ്യവും ചോദിച്ചു. കൂടെക്കിടക്കുന്നവർക്ക് മാത്രമേ രാപ്പനി അറിയൂ. തെരഞ്ഞെടുപ്പുകളിൽ കള്ളപ്പണം ഒഴുക്കുന്നവരാണ് കോൺഗ്രസ്സും ബിജെപിയും.
കള്ളപ്പണത്തോടൊപ്പം കോൺഗ്രസിന്റെ അഴിമതിയുടെ നാറുന്ന മുഖവും 2024 നവംബർ 12ലെ വിജിലൻസ് കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടു. 33 വർഷം മുമ്പ് യുഡിഎഫ് ഭരണകാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് സിവി പത്മരാജന്റെ അനുമതിയോടെ ബ്രഹ്മപുരം ഡീസൽ പ്ലാന്റിനുവേണ്ടി ആഗോളടെണ്ടർ വിളിക്കാതെ ഫ്രാൻസിലെ എസ് സി എം പി റിയലിസ്റ്റിക് കമ്പനിയുമായി കരാർ ഒപ്പിടുകയും അഞ്ച് ഡീസൽ ജനറേറ്ററുകൾ ഫ്രാൻസിലെ എസ്ഇഎംടി പീൽസ്റ്റിക് കമ്പനിയുമായി കരാറിൽ ഒപ്പിടുകയും അഞ്ച് ഡീസൽ ജനറേറ്ററുകൾ കൂടിയ വിലക്ക് വാങ്ങുകയും 1.39 കോടി രൂപയുടെ അഴിമതി വിജിലൻസ് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.
പ്രതികൾ നൽകിയ വിടുതൽ ഹർജി വിജിലൻസ് കോടതി റദ്ദാക്കി. അതോടെ കള്ളൻ കപ്പലിൽ തന്നെ എന്ന് വ്യക്തമായി. അഴിമതി കേസിൽ കോൺഗ്രസ് നേതാവ് സിവി. പത്മരാജൻ പ്രതിയായതുപോലെ കള്ളപ്പണകേസിൽ ഷാഫി പറമ്പിലും പ്രതിയാകേണ്ടതല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.