ലീഗ് ക്രിമിനലുകൾ അഴിഞ്ഞാടിയെന്ന് എം.വി ജയരാജൻ; സമാധാനത്തിന് സി.പി.എം മുൻകൈ എടുക്കും
text_fieldsകണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് ഉണ്ടായതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സമാധാനം പുനഃസ്ഥാപിക്കാൻ സി.പി.എം മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങത്തൂരിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസുകളും അനുഭാവികളുടെ കടകളും സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.വി ജയരാജനൊപ്പം കൂത്തുപറമ്പ് എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി മോഹനൻ, സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.ഹരീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
പുല്ലൂക്കരയിൽ മൻസൂറിെൻറ ഖബറടക്കത്തിന് ശേഷം രാത്രി എട്ടോടെയായിരുന്നു സി.പി.എം ഓഫീസുകൾക്ക് നേരെ അക്രമമുണ്ടായത്. ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ സി.പി.എം ഓഫിസുകൾക്കും കടകൾക്കും നേരെ അക്രമം നടത്തുകയായിരുന്നു. പെരിങ്ങത്തൂർ ടൗണിലുള്ള സി.പി.എമ്മിെൻറ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾ തകർത്തിരുന്നു.
ഓഫിസുകളിലെ ഫർണിച്ചർ പുറത്തിട്ട് കത്തിച്ചു. ഏതാനും കടകൾക്ക് നേരെയും അക്രമമുണ്ടായി. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ അക്രമം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കൂടുതൽ പൊലീസും ആർ.പി.എഫും എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഒമ്പതോടെ പെരിങ്ങത്തൂർ ടൗണിൽനിന്നും പ്രവർത്തകർ പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.