റീപോളിങ്: പർദയണിഞ്ഞെത്തുന്നവർ മുഖാവരണം മാറ്റണമെന്ന് എം.വി. ജയരാജൻ
text_fieldsകണ്ണൂർ: റീപോളിങ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് കണ്ണൂരിൽ മുഖാവരണ വിവാദം. കള്ളവോട്ട് തടയുന്നതിനായി, പർദ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവർ മുഖാവരണം മാറ്റണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞതാണ ് വിവാദമായത്. മുഖാവരണം മാറ്റി വോട്ടർമാരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് എം.വി. ജയരാജൻ പരാതി നൽകുകയും ചെയ്തു.
ലീഗ് ആധിപത്യമുള്ള പാമ്പുരുത്തിയിലെ 166ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതിന് പർദയെ കൂട്ടുപിടിക്കുന്നുെവന്ന ആരോപണത്തോടെയാണ് എം.വി. ജയരാജൻ മുഖാവരണം മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പോളിങ് സ്‌റ്റേഷനകത്ത് വോട്ടറെ തിരിച്ചറിയാൻ സംവിധാനമൊരുക്കിയാൽ മാത്രം പോര, ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ബൂത്തുകളിൽ അകത്തും പുറത്തും കാമറയുണ്ടാവണം.
പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരുടെ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പിലാക്കണം. ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദധരിച്ചെത്തിയ 50ലേറെ പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലുമുണ്ടായിരുന്നു. മുഖാവരണം മാറ്റാത്തതുകൊണ്ട് ഇവരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ പർദധാരികൾ അത് അനുസരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കമ്യൂണിസ്റ്റ് മനസ്സിനകത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കമ്യൂണലിസമാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പ്രതികരിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കും. അത്തരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിന് ഒരു മടിയുമില്ല. എന്നാൽ, വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടർമാർ പോളിങ് ബൂത്തിൽ വരേണ്ടതെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.