അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ കോൺഗ്രസിലും ലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് എം.വി. ജയരാജൻ
text_fieldsകണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ അഡ്വ. ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കോൺഗ്രസിലും മുസ്ലിംലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. 2012ൽ നടന്ന സംഭവത്തിൽ സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്ന് പാർടി അന്നേ വ്യക്തമാക്കിയതാണ്. കേസിന്റെ മറവിൽ പ്രാകൃത പീഡന മുറകളാണ് നടന്നത്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും ജയരാജൻ പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തിയയാൾ കേവലം അഭിഭാഷകൻ മാത്രമല്ല, യു.ഡി.എഫ് ഘടകകക്ഷി നേതാവ് കൂടിയാണ്. 302–ാം വകുപ്പ് പ്രകാരം നിരപരാധികളുടെ പേരിൽ കേസെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നാണ് യു.ഡി.എഫ് നേതാവായ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. അത് നിസ്സാരമല്ല. കള്ള തെളിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 118–ാം വകുപ്പ് രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ആദ്യമായി ചുമത്തിയത് ഷുക്കൂർ കേസിലാണ്. സംഭവ സ്ഥലത്ത് പോലും പോകാത്ത ആളുടെ പേരിലാണ് 302–ാം വകുപ്പ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അത് ശരിയാണെങ്കിൽ കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പേരിൽ കേസെടുക്കുകയാണ് വേണ്ടത്.
യു.ഡി.എഫിലെ പ്രബല കക്ഷികളായ കോൺഗ്രസും ലീഗും അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രണ്ട് തട്ടുകളിലായി. ഇതെല്ലാം യു.ഡി.എഫ് ഭരണകാലത്തെ കൊള്ളരുതായ്‌മകളുടെ തെളിവാണെന്നും ജയരാജൻ പറഞ്ഞു.
എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകനും മുൻ സി.എം.പി നേതാവുമായ ടി.പി. ഹരീന്ദ്രനാണ് രംഗത്തെത്തിയത്. പി. ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.