എം.വി. ജയരാജൻ- ഉമർ ഫൈസി രഹസ്യ കൂടിക്കാഴ്ച വിവാദത്തിൽ
text_fieldsമുക്കം (കോഴിക്കോട്): സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയുടെ വല്ലത്തായ്പാറയിലെ വീട്ടിൽ സി.പി.എം നേതാവിന്റെ രഹസ്യസന്ദർശനം വിവാദമാവുന്നു. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയും കണ്ണൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജനാണ് കഴിഞ്ഞ ദിവസം ഉമർ ഫൈസിയുടെ വീട്ടിലെത്തിയത്.
ചൊവ്വാഴ്ച വൈകീട്ടാണ് എം.വി. ജയരാജൻ എത്തിയത്. ഒരു മണിക്കൂറോളം ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കൂടിക്കാഴ്ച രഹസ്യമായിരുന്നെങ്കിലും ജയരാജൻ വന്നത് നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് പുറംലോകമറിയുന്നത്. വീടിനുസമീപത്ത് കാർ നിർത്തിയ ശേഷം ഡ്രൈവർ, അതുവഴി നടന്നുപോയ ആളോട് ഉമർ ഫൈസിയുടെ വീട് എവിടെയെന്ന് അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രൈവറെയും എം.വി. ജയരാജനെയും മറ്റൊരാളെയും കാണാനിടയായത്. സംഭവത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ഉമർ ഫൈസിയും തയാറായില്ല. അങ്ങനെ പലരും വീട്ടിൽ വരാറുണ്ടെന്നായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ സമസ്തയിലെ ഒരുവിഭാഗം പൊന്നാനിയിൽ ഉൾപ്പെടെ സി.പി.എമ്മിനെ സഹായിച്ചതായുള്ള ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.