കൊച്ചി തീരത്ത് ആശങ്ക പടർത്തി എം.വി നളിനി
text_fieldsകൊച്ചി: ഗജ ചുഴലിക്കാറ്റ് തീരമണയുന്നതിനിടെ കൊച്ചിക്ക് ആശങ്കയായി തീരക്കടലിൽ ഒരു ചരക്കുകപ്പൽ. തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന് 12.2 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട എം.വി നളിനി എന്ന കപ്പലാണ് ന്യൂനമർദത്തിനൊപ്പം പരിഭ്രാന്തി വിതക്കുന്നത്. അതിവേഗം തീപിടിക്കുന്ന നാഫ്തയടക്കം ഇന്ധനം നിറച്ച കപ്പൽ കാറ്റ് കൊച്ചി തീരത്തേക്ക് വീശിയാൽ കരയിലേക്കടുക്കാൻ സാധ്യതയുണ്ട്.
മാസങ്ങളായി കപ്പൽ കടലിൽകിടന്ന് നങ്കൂരം വരെ ദുർബലമായതാണ് ദുരന്തഭീഷണി ഉയർത്തുന്നത്. 2800 മെട്രിക് ടണ്ണോളം നാഫ്ത, 20 ടൺ ഡീസൽ, 40 ടണ്ണോളം ഫർണസ് ഒായിൽ എന്നിവയുമായി മാസങ്ങളായി തീരക്കടലിൽ കിടക്കുന്ന കപ്പൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനോ ചരക്ക് നീക്കാനോ നടപടിയായിട്ടില്ല. ജൂൺ 13ന് എൻജിൻ റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് കപ്പലിലെ മറൈൻ എൻജിനീയർ മരിച്ചിരുന്നു. എൻജിൻ നിലച്ച കപ്പലിൽനിന്ന് 22 ജീവനക്കാരെ ഒഴിപ്പിച്ചശേഷം തീരക്കടലിൽ നങ്കൂരമിടുകയായിരുന്നു. കപ്പൽ അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ നങ്കൂരമിട്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാറിനും കാര്യമായൊന്നും ചെയ്യാനാവില്ലെന്ന് കോസ്റ്റ് ഗാർഡ് ജില്ല ഒാപറേഷനൽ ഹെഡ് അരുൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
കപ്പൽ നീക്കാൻ തീരദേശ സേനയും ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഷിപ്പിങ് ഡയറക്ടർ ജനറൽ മാലിനി ശങ്കറിനെ വിഷയത്തിെൻറ ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ, ജീവനക്കാരെ ഒഴിപ്പിച്ചതിനെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ ഒരു കോടിയോളം ചെലവായതായാണ് കപ്പൽ ഉടമയും ഇൻഷുറൻസ് കമ്പനിയും പറയുന്നത്. തുടർന്നും പണം നൽകാൻ ഇൻഷുറൻസ് അധികൃതർ വിസമ്മതിച്ചതോടെ കപ്പൽ നീക്കം പ്രതിസന്ധിയിലായി. വിഷയം ചർച്ചചെയ്യാൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യെൻറ അധ്യക്ഷതയിൽ വെള്ളിയാഴ്ച കൊച്ചിയിൽ യോഗം ചേർന്നു. കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി കപ്പൽ നീക്കാൻ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഷിപ്പിങ് ഡയറക്ടർ ജനറലിന് കത്തെഴുതുമെന്ന് പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച ചെെന്നെയിൽ ചേർന്ന യുൈനറ്റഡ് ഇൻഷുറൻസ് ഇന്ത്യ യോഗത്തിൽ അടിയന്തര ഇൻഷുറൻസ് സഹായം ലഭ്യമാക്കാൻ തീരുമാനമായതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.