Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്റെ സഹോദരിമാരെ...

‘എന്റെ സഹോദരിമാരെ ദ്രോഹിക്കുന്നേ എന്ന് കാമറയിൽ വിളിച്ചു കൂവാമായിരുന്നില്ലേ? കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ...പേടിച്ചിട്ടാ’ -രാഹുൽ മാങ്കൂട്ടത്തിലിനോട് എം.വി. നികേഷ് കുമാർ

text_fields
bookmark_border
‘എന്റെ സഹോദരിമാരെ ദ്രോഹിക്കുന്നേ എന്ന് കാമറയിൽ വിളിച്ചു കൂവാമായിരുന്നില്ലേ? കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ...പേടിച്ചിട്ടാ’ -രാഹുൽ മാങ്കൂട്ടത്തിലിനോട് എം.വി. നികേഷ് കുമാർ
cancel

പാലക്കാട്: പാലക്കാട്ടെ നീല ട്രോളി വിവാദത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനോട് 10 ​ചോദ്യങ്ങളുമായി സി.പി.എം നേതാവ് എം.വി നികേഷ് കുമാർ. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ താനും പൊലീസ് പരിശോധനക്ക് വിധേയനായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ അപ്പോൾ എവിടെയായിരുന്നുവെന്നും നികേഷ് ചോദിച്ചു. ഇലക്ഷനിൽ ജയിക്കാനുള്ള നല്ല രാഷ്ട്രീയ വടി കയ്യിൽ കിട്ടിയിട്ടും അത് ഉപയോഗിക്കാത്തത് താങ്കൾക്ക് പ്രധാനം കയ്യിലിരിക്കുന്ന മറ്റെന്തോ ആയതു കൊണ്ടാണോ എന്നതടക്കം 10 ചോദ്യങ്ങളാണ് നികേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

നികേഷിന്റെ 10 ചോദ്യങ്ങൾ:

1. പാലക്കാട്ട് കള്ളപ്പണം കൊണ്ടുവന്നു എന്ന വിഷയത്തിൽ താങ്കൾ പുലർച്ചെ 2.25 ന് കോഴിക്കോട് നോർത്ത് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഫേസ്ബുക് ലൈവ് ചെയ്യുകയുണ്ടായല്ലോ. എന്നാൽ കെ പി എം ഹോട്ടലിൽ ഇതുമായി ബന്ധപ്പെട്ട സംഘർഷം രാത്രി ഏതാണ്ട് പന്ത്രണ്ട് മണി മുതൽ ആരംഭിച്ചിരുന്നു. താങ്കളേയും താങ്കൾ കൊണ്ടുപോയി എന്ന് ആരോപണം ഉള്ള പണവുമായി ബന്ധപ്പെട്ട് ഇത്ര വലിയ വിവാദം നടക്കുമ്പോൾ ശ്രീ. രാഹുൽ മാങ്കൂട്ടത്തിൽ, താങ്കൾ എന്ത് കൊണ്ടാണ് സഞ്ചരിച്ച കാറിൽ തന്നെയിരുന്ന് നീലപ്പെട്ടി തുറന്ന് ഫേസ്ബുക് ലൈവ് ചെയ്യാതിരുന്നത്? പോലീസ് അന്വേഷിക്കുന്നത് താൻ കൊണ്ടുവന്ന നീല ട്രോളി ബാഗ് ആണെങ്കിൽ ഇതാ ആ ബാഗ്, ബാഗിൽ ഇന്നയിന്ന സാധനങ്ങളാണ് ഉള്ളത് എന്ന് ലൈവിൽ പറഞ്ഞിരുന്നെങ്കിൽ അതാകുമായിരുന്നില്ലേ ഹീറോയിസം? അല്ലെങ്കിൽ വഴിയിൽ ഏതെങ്കിലും സ്ഥലത്ത് നിർത്തി ടെലിവിഷൻ ചാനലുകളോട് തത്സമയ ദൃശ്യങ്ങൾ എടുത്തുകൊള്ളാൻ ആവശ്യപ്പെടാമായിരുന്നില്ലേ? ടെലിവിഷൻ ചാനലുകളുടെ എല്ലാ ബ്യൂറോകളും അന്ന് ഉറങ്ങാതെ ഈ വാർത്തയ്ക്ക് പിന്നിൽ താങ്കളെയും താങ്കൾ കൊണ്ടുപോയ ബാഗുകളേയും തിരയുകയായിരുന്നില്ലേ? പത്തോളം ചാനലുകൾ തുടരെത്തുടരെ വിളിച്ചപ്പോൾ എന്ത് കൊണ്ടാണ് ഒരു ഫോൺ കോൾ പോലും കോഴിക്കോട് എത്തുന്നതു വരെ താങ്കൾ എടുക്കാതിരുന്നത്? താങ്കൾ കോഴിക്കോട് പോയിരിക്കുകയാണ് എന്ന് കെ പി എം ഹോട്ടലിൽ ഉണ്ടായിരുന്ന ഒരു കോൺഗ്രസ് നേതാവും അതുവരെ പറയാത്തത് എന്ത്? 'ചെവിയടപ്പിക്കുന്ന നിശബ്ദത' പാലിച്ചത് 'പണം കൈമാറുന്നത് വരെ' എന്നാണോ മനസ്സിലാക്കേണ്ടത്?

2. ഫെനി നൈനാൻ എന്ന വ്യാജ രേഖാ കേസിലെ ഒന്നാം പ്രതിയാണ് നീല ട്രോളി ബാഗും കറുത്ത മറ്റൊരു ബാഗും വെളുത്ത ഇന്നോവ കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്ത് കൊണ്ടുപോകുന്നത്. ഫെനി ആ കാറും ബാഗുകളും എങ്ങോട്ടൊക്കെ കൊണ്ടുപോയി? താങ്കളുടെ ഒപ്പം വരാനല്ല ഫെനി ധൃതി പിടിച്ചത് എന്ന് പിന്നീട് ബോധ്യമായി. എന്നിട്ടും എന്തു കൊണ്ടാണ് ബാഗുകൾ എടുക്കാനും കടത്താനും ഫെനി വെപ്രാളം കാട്ടിയത്? ബാഗ് മറ്റുള്ളവർ ശ്രദ്ധിക്കുമ്പോൾ മറച്ചു പിടിക്കാൻ ശ്രമിച്ചതെന്തിന് ?

3. താങ്കൾ കെ പി എം ഹോട്ടലിൽ വന്നത് വെള്ള ഇന്നോവയിൽ. ഒരു നീല ട്രോളി ബാഗും സഹായിയുടേതെന്ന് താങ്കൾ പറയുന്ന കറുത്ത വി ഐ പി ബാഗും കയറ്റിയത് താങ്കൾ വന്ന ആ കാറിൽ തന്നെ.പക്ഷെ താങ്കൾ കെ പി എമ്മിൽ നിന്ന് തിരിച്ചു പോയത് വേറെ കാറിൽ (ഷാഫിയുടേത് എന്ന് താങ്കൾ പിന്നീട് പറഞ്ഞു ). കെ പി എമ്മിൽ നിന്ന് പത്തു മീറ്റർ ( ഗേറ്റിനോട് ചേർന്നു തന്നെയുള്ള ) പ്രസ് ക്ലബ്ബിന്റെ മുന്നിൽ വെച്ച് താങ്കൾ ഷാഫിയുടെ വണ്ടിയിൽ നിന്നിറങ്ങി വെള്ള ഇന്നോവയിൽ കയറി എന്ന് പറയുന്നു. (പത്ത് മീറ്റർ ദൂരം സഞ്ചരിക്കാൻ!) വണ്ടി കെ.ആർ ടവറിൽ എത്തിയപ്പോൾ 'shady' അല്ലാത്ത യൂത്ത് കോൺഗ്രസ് നേതാവിന്റെ വണ്ടിയിൽ കയറി കോഴിക്കോട് പോയി എന്നും പറയുന്നു. എങ്കിൽ ആദ്യം തന്നെ ബാഗ് വെച്ച വൈറ്റ് ഇന്നോവ കാറിൽ യൂത്ത് നേതാവിന്റെ വണ്ടി വരെ പോയാൽ പോരായിരുന്നോ ? അതല്ല ഷാഫിയുടെ പി എ യോട് സംസാരിക്കാനാണ് ഷാഫിയുടെ വണ്ടിയിൽ കേറിയത് എങ്കിൽ 'വിവാദ പെട്ടികൾ' ആ വണ്ടിയിൽ കയറ്റിയാൽ പോരായിരുന്നോ? കൺഫൂഷൻ ആക്കല്ലേ.. സത്യം പറ. വഴിയിൽ പെട്ടി ഇറക്കുകയും കയറ്റുകയും ചെയ്തത് ഏതെങ്കിലും സി സി ടി വി പിടിച്ചെടുത്തിട്ടുണ്ട് എങ്കിൽ അതിനുള്ള മുൻകൂർ ജാമ്യം ആണോ എവിടെയും കേൾക്കാത്ത ഈ വണ്ടി മാറൽ കഥ?

4. 'കോഴിക്കോട് ഇരിക്കുന്ന എനിക്ക് എങ്ങനെയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയുക ? ഇനി അങ്ങേയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് ഒരു പ്രതിനിധിയെ വിട്ടാൽ എന്നെ കാണാം ' എന്ന് മാതൃഭൂമി ചാനലിലെ അവതാരകനോട് തത്സമയം പറയുന്ന താങ്കൾ യഥാർത്ഥത്തിൽ അപ്പോഴും കോഴിക്കോട് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. പിടിക്കപ്പെടില്ല എന്ന് വിചാരിച്ച താങ്കൾ പച്ചക്കള്ളം ആണ് തട്ടിവിട്ടത്. പാലക്കാട്‌ താൻ ഉണ്ടായിരുന്നിട്ടേ ഇല്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. എന്തിനാണത്?

5. താങ്കളുടെ പേരിൽ രജിസ്റ്റർ ചെയ്ത കാർ ഇന്നോവ ക്രിസ്റ്റയാണ് എന്ന് ഞാൻ അനുമാനിക്കുന്നു, ടൊയോട്ടയിലാണ് സർവീസിങ് എന്നൊക്കെ പറഞ്ഞത് കൊണ്ട്. വണ്ടിക്ക് 'ഒത്തിരി കംപ്ലയിന്റ്സ് ഉണ്ടായിരുന്നു' എന്നും സർവീസിന് കൊടുത്തു എന്നും പരിശോധനയിൽ ഷോക്ക് അബ്സോർബറിന് തകരാറും സ്റ്റിയറിങ്ങ് കംപ്ലൈന്റും കണ്ടെത്തി എന്നും പറഞ്ഞു. അറുപതിനായിരം രൂപയാകും വണ്ടി ഇറക്കാൻ എന്ന് കേട്ടപ്പോൾ 'തൽക്കാലം അഡ്ജസ്റ്റ് ചെയ്തു തന്നാൽ മതി' എന്ന് പറഞ്ഞു. അതിവേഗത്തിൽ ഓടേണ്ടി വരുന്ന സ്ഥാനാർഥിയുടെ വണ്ടിയാണ് തൽക്കാലം അഡ്ജസ്റ്റ് ചെയ്തെടുക്കുന്നത്. സ്വന്തം വണ്ടിയിൽ എന്ത് കൊണ്ട് കോഴിക്കോട് പോയില്ല എന്ന ചോദ്യം ഒഴിവാക്കാനാണോ ഈ കഥ ? കോഴിക്കോട് സ്വന്തം വണ്ടിയിൽ പോയില്ല, കോഴിക്കോട് എത്തുന്ന നിശ്ചിത സമയം വരെ കോഴിക്കോടിന്റെ കാര്യം മിണ്ടുന്നില്ല,കോഴിക്കോട് എത്തിക്കൊണ്ടിരിക്കുമ്പോൾ പാലക്കാട്‌ ഹോട്ടലിൽ നിന്ന് ഇറങ്ങി വന്നതിനെ തള്ളിപ്പറഞ്ഞു. ഈ മൂന്നുകാര്യങ്ങളും സിനിമാക്കഥയെ വെല്ലുന്ന പദ്ധതിയാസൂത്രണമല്ലേ?

6. ഒരു ട്രോളി ബാഗും കറുത്ത വി ഐ പി ബാഗും ഹാൻഡ് ബാഗും ആണ് കെപിഎം ഹോട്ടലിൽ നിന്ന് കാറിൽ കയറ്റിയത് എന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ ഉള്ളതും താങ്കൾ പറഞ്ഞതും. സി സി ടി വി ദൃശ്യങ്ങൾ പുറത്തു വരുന്നതിനു മുൻപ് പാലക്കാട്‌ വാർത്താ സമ്മേളനത്തിൽ ഒരു നീലപ്പെട്ടി പ്രദർശിപ്പിച്ച് താങ്കൾ പറഞ്ഞു ആ നീലപ്പെട്ടിയിൽ താങ്കളുടേയും സഹപ്രവർത്തകരുടേയും ഡ്രെസ്സുകളാണെന്ന്. പിന്നീട് പണപ്പെട്ടി പോലെ ഭാരമുള്ള മറ്റൊരു ബാഗ് ദൃഷ്ടിയിൽ പെട്ടപ്പോൾ താങ്കൾ റിപ്പോർട്ടർ ടിവിയോട് പറയുന്നു അതിലാണ് സഹപ്രവർത്തകരുടേ ഡ്രസ്സ്‌ എന്ന്. രണ്ടര മണിക്കൂർ മാത്രം അകലെയുള്ള കോഴിക്കോട്ടേക്ക് പോകാൻ തലേ ദിവസം പോകേണ്ട കാര്യമുണ്ടോ? അതോ രാത്രി സഞ്ചരിക്കാനുള്ള മാർഗ്ഗം ആയാണോ ഈ യാത്രയെ കാണേണ്ടത്?

7. കെ പി എം റിജൻസിയിൽ സ്തോഭജനകമായ സംഭവങ്ങൾ നടന്നിട്ടും കോൺഗ്രസ് സ്ഥാനാർഥി എന്ന നിലയിൽ അങ്ങ് എന്ത് കൊണ്ടാണ് വരണാധികാരിയായ ജില്ലാ കലക്ടറേയോ ക്രമസമാധാന ചുമതലയുള്ള എസ് പിയേയോ വിളിച്ച് പണപ്പെട്ടി കൊണ്ടുവന്നു എന്ന ആക്ഷേപത്തിൽ താങ്കളുടെ മറുപടി കൊടുത്ത് അന്വേഷണം അവസാനിപ്പിക്കാതിരുന്നത്? സ്ഥാനാർഥി എന്ന നിലയിൽ വരണാധികാരിയെ താങ്കൾ ഒരു തവണയെങ്കിലും ആ രാത്രിയിൽ വിളിച്ചോ? എന്തേ വനിതാ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായി എന്ന പരാതി അവർ വ്യാജമായി ഉയർത്തിയപ്പോൾ പോലും പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അതിൽ ഇടപെട്ടില്ല? അവരൊക്കെ രാഷ്ട്രീയ നാടകം കളിക്കുകയാണ് എന്ന് താങ്കൾക്ക് അറിയാമായിരുന്നു എന്നാണ് ഉത്തരം എങ്കിൽ സ്ഥാനാർഥി എന്ന നിലയിൽ രാഷ്ട്രീയ മുതലെടുപ്പിന് പോലും ശ്രമിക്കാത്തതെന്തേ? 'എന്റെ സഹോദരിമാരെ ദ്രോഹിക്കുന്നേ' എന്ന് ടെലിഫോണിലും എഫ് ബി ലൈവിലും പരിസരത്തുള്ള ടി വി ക്യാമറകളിലും താങ്കൾക്ക് വിളിച്ചു കൂവാമായിരുന്നില്ലേ? ചെയ്യാതിരുന്നത് കയ്യിൽ സുരക്ഷിതമായി കടത്തേണ്ട എന്തോ ഒന്നുണ്ടായിരുന്നു എന്നത് കൊണ്ടാണോ? ഇലക്ഷനിൽ ജയിക്കാനുള്ള നല്ല രാഷ്ട്രീയ വടി കയ്യിൽ കിട്ടിയിട്ടും അത് ഉപയോഗിക്കാത്തത് താങ്കൾക്ക് പ്രധാനം കയ്യിലിരിക്കുന്ന മറ്റെന്തോ ആയതു കൊണ്ടാണോ?

8. അഞ്ചാം തീയതി പുലർച്ചെ കോഴിക്കോട്ട് എത്തിയ താങ്കൾ 'അസ്മ ടവറി'ലാണ് താമസിച്ചത്, ഇടതു വശം ചെരിഞ്ഞാണ് ഉറങ്ങിയത് എന്നൊക്കെ പറഞ്ഞു. രാവിലെ ഡി സി സി പ്രസിഡണ്ട് വിളിച്ച് 'നീ ഇനിയും എണീറ്റില്ലെടെ' എന്ന് ചോദിച്ചപ്പോഴാണ് ഉറക്കമുണർന്നത് എന്ന് താങ്കളുടെ നവംബർ 7 ന്റെ വാർത്താ സമ്മേളനത്തിൽ പറയുന്നുണ്ട് . അതേ വാർത്താസമ്മേളനതിന്റെ രണ്ടാം ഭാഗത്ത് രാത്രി 'ഒരു പോള കണ്ണടച്ചിട്ടില്ല' എന്നും പറയുന്നു. 'കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ...പേടിച്ചിട്ടാ' എന്ന ഡയലോഗിടുന്നില്ല. 'ഒരു പോള കണ്ണടച്ചില്ല' എന്നൊക്കെ ഡെക്കറേഷൻ ഇടാൻ പറഞ്ഞതാണ് എന്നെനിക്ക് മനസിലാകും. പക്ഷെ വാർത്താ സമ്മേളനത്തിൽ നൽകിയ ഉറപ്പ് ഇതുവരെ താങ്കൾ പാലിക്കാത്തത് എന്തേ ? അസ്മ ടവറിൽ യഥാർത്ഥത്തിൽ താങ്കൾ നീലപ്പെട്ടി കൊണ്ടുപോയോ?എന്തേ താങ്കൾ അസ്മ ടവറിലെ ദൃശ്യങ്ങൾ എക്സ്‌ക്ലൂസിവ് ആയി തത്സമയം ടി വിയിൽ കാണിക്കാൻ ശ്രമിച്ച് പെട്ടെന്ന് പിൻവാങ്ങി? താങ്കളുടെ നീലപ്പെട്ടി അസ്മ ഹോട്ടലിൽ കയറിപ്പോകുന്ന cctv ദൃശ്യങ്ങൾ കാണിക്കും എന്ന് കരുതി. എന്തേ കാണിച്ചില്ല? അസ്മ ടവറിലെ ദൃശ്യങ്ങൾ മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിൽ ഇട്ടാൽ മതി എന്ന് റിപ്പോർട്ടർമാർ പറഞ്ഞപ്പോൾ ഇടാം എന്ന് ഉറപ്പ് നൽകിയ താങ്കൾ എന്തേ ഇതുവരെ ഗ്രൂപ്പിൽ പൂർണ്ണ ദൃശ്യങ്ങൾ പോസ്റ്റ്‌ ചെയ്തില്ല ?

9. പാലക്കാട്‌ കെ പി എമ്മിൽ നിന്ന് താങ്കൾ പുറപ്പെടുന്നത് 11.05 നാണ്. അത് കഴിഞ്ഞ് 'shady' അല്ലാത്ത യൂത്ത് നേതാവിനെ താക്കോൽ ഏൽപ്പിച്ച് 'പെട്ടികളും എടുത്ത്' പുതിയ വണ്ടിയിൽ പാലക്കാട്‌ നിന്ന് കോഴിക്കോടേക്ക് വിടുമ്പോൾ പാതിരാത്രി, കൂരാക്കൂരിരുട്ട്. എന്നിട്ടും താങ്കൾ രണ്ടു മണിക്ക് കോഴിക്കോട് എത്തി. താങ്കൾ 125 കിലോമീറ്റർ സുരക്ഷിതമായി താണ്ടിയത് വെറും രണ്ട് മണിക്കൂറും ചില്ലറ മിനിറ്റുകളും കൊണ്ട്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്നത് കൊണ്ട് റോഡുകൾ ഒക്കെ ഫുൾ കണ്ടീഷൻ ആണല്ലേ?

10. പാലക്കാട്‌ യു ഡി എഫ് സ്ഥാനാർഥി ആയിരിക്കെ താങ്കളുടെ കൂടെ എപ്പോഴും വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ ഒന്നാം പ്രതിയും മൂന്നാം പ്രതിയും ഉണ്ട്. പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതികളുണ്ട്. ആറാം പ്രതി സെൽഫി വരെ എടുത്തത് ഇട്ടു. വോട്ടർമാരെ വെല്ലുവിളിക്കുകയാണോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv nikesh kumarRahul MamkootathilPalakkad ByElection 2024
News Summary - mv nikesh kumar against Rahul Mamkootathil
Next Story