അധ്യക്ഷ സ്ഥാനമൊഴിയണമോയെന്ന് ഒരു വിഭാഗം തീരുമാനിക്കേണ്ടതല്ല -ശ്രേയാംസ് കുമാർ
text_fieldsകോഴിക്കോട്: താൻ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് എൽ.ജെ.ഡി അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. പാർട്ടി പിളരില്ലെന്നും വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡൻറ് സ്ഥാനമൊഴിയണമോയെന്ന് ഒരു വിഭാഗം തീരുമാനിക്കേണ്ടതല്ലെന്നും ഇക്കാര്യം നിശ്ചയിക്കേണ്ടത് സംസ്ഥാന കൗൺസിലിലാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
76 പേരുള്ള സംസ്ഥാന കമ്മിറ്റിയിൽ ഒമ്പതുപേർ മാത്രമാണ് വിമത യോഗത്തിനെത്തിയത്. വിമതരുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാനാവില്ല. കൂടുതൽ ഘടകകക്ഷികൾ വന്നതിനാൽ കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് എൽ.ഡി.എഫ് അറിയിച്ചിരുന്നു. നാലു സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടില്ല. സീറ്റ് ചർച്ചയിൽ പങ്കെടുത്തയാൾ തന്നെ ആരോപണമുന്നയിക്കുന്നത് വിരോധാഭാസമാണ്. കൽപറ്റയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പാർട്ടി ഏകകണ്ഠമായാണ് സ്ഥാനാർഥിയാക്കിയത്. കൂടുതൽ കാര്യങ്ങൾ 20ന് ചേരുന്ന യോഗത്തിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രേയാംസ് കുമാറിന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഷേഖ് പി. ഹാരിസ് വിഭാഗം സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. ശ്രേയാംസ് കുമാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ഷേഖ് പി. ഹാരിസ് ആവശ്യപ്പെട്ടു.
ദേശീയ സെക്രട്ടറി വർഗീസ് ജോർജിന്‍റെ അനുമതിയോടെയാണ് ഭാരവാഹികളുടെ യോഗം ചേർന്നത്. നാല് ജില്ലാ അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുത്തതായും മൂന്ന് മേഖലാ കൺവെൻഷനുകൾ വിളിച്ചു ചേർക്കുമെന്നും എതിർവിഭാഗം അവകാശപ്പെട്ടു. മുൻ എം.എൽ.എയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി. സുരേന്ദ്രൻ പിള്ളയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട വിമത വിഭാഗം അറിയിച്ചിട്ടുള്ളത്. എന്നാൽ, ഒന്നിച്ചു പോകണമെന്നും തർക്കത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.