എ.ഐ കാമറകൾ ഗുണമായി; അപകട മരണം കുറഞ്ഞെന്ന് മോട്ടോർ വാഹനവകുപ്പ്
text_fieldsകോട്ടയം: എ.ഐ കാമറ ഉൾപ്പെടെ സ്ഥാപിച്ചതും ജനങ്ങൾ റോഡ് നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായതും സംസ്ഥാനത്ത് റോഡ് അപകട മരണങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തുവരുമ്പോള്‍ അപകട മരണങ്ങള് 2022ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായാണ് മോട്ടോർ വാഹനവകുപ്പിന്റെ അവകാശവാദം.
എ.ഐ കാമറകള്‍ സ്ഥാപിച്ചതും അപകട മരണങ്ങള് കുറയാനുള്ള കാരണമായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന് രക്ഷാസംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും വകുപ്പ് വ്യക്തമാക്കുന്നു. ‘307 എന്നത് ചെറിയ കുറവല്ല. 2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തുവരുമ്പോള്‍ അപകട മരണം 2022ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം.
അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 307 പേരുടെ കുറവ്, (7.2 ശതമാനം). 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു), 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്. 2020 ന്റെ തുടക്കത്തില്‍ ഒരു കോടി നാല്പത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച എ.ഐ കാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങള് കുറയാനുള്ള കാരണമായിട്ടുണ്ട്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്ഫോര്സ്മെന്റ്, റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളും അപകടങ്ങള്‍ കുറയാന്‍ സഹായകമായി. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവന് രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി എന്നത് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളും മരണവും ഇനിയും കുറക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതില്‍ നിന്നു മനസിലാവുന്നത്.
അതിനായി മുഴുവന്‍ ജനങ്ങളുടെയും പരിപൂര്‍ണ സഹകരണം ഉണ്ടാകണം’ -മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതും ഇരുചക്രവാഹനങ്ങളിൽ വളർത്തുമൃഗങ്ങളുമായി പോകുന്നതും അപകടം വർധിപ്പിക്കുമെന്ന മുന്നറിയിപ്പും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളിൽ വകുപ്പ് വ്യക്തമാക്കുന്നു. അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും വകുപ്പ് തന്നെ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.