കെ.കെ. മഹേശന്‍റെ മരണം: പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കണം -വി.എം. സുധീരൻ
text_fieldsചേർത്തല: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ മരണം ഐ.പി.എസ് റാങ്കിലുള്ള പ്രത്യേക അന്വഷണ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. പരേതെൻറ പൊക്ലാശേരിയിലെ വസതിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മരിക്കുന്നതിനുമുമ്പും പിമ്പും മഹേശനെ മോശക്കാരനാക്കാൻ ശ്രമിച്ചതും ആത്മഹത്യകുറിപ്പിൽ പറഞ്ഞതും സംബന്ധിച്ച് അന്വേഷിക്കണം. വെള്ളാപ്പള്ളി നടേശനെതിരെ മുമ്പും പല ഏജൻസികളും കേസുകൾ അന്വഷിച്ചിരുന്നെങ്കിലും ഒരു തുമ്പും കണ്ടുകിട്ടിയില്ല. തെളിവുകൾ തേച്ചുമാച്ച് കളഞ്ഞു. പലതും മുങ്ങിപ്പോവുകയും മുക്കിക്കളയുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും തുടരേന്വഷണം നടത്തിയിട്ടില്ല. പദവി ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ പാർട്ടിക്കാരെ കബളിപ്പിക്കുകയാണ് വെള്ളാപ്പള്ളി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മാഫിയ കൊലപാതകങ്ങൾ കേരളത്തിലും തലപൊക്കുകയാണ്. മഹേശൻ സമൂഹമാധ്യമങ്ങളിൽ ചില കുറിപ്പുകൾ പങ്കുെവച്ചത് മാനസിക സമ്മർദത്തിലാണ്. ഇത് തിരിച്ചറിയാതെ ഉത്തരവാദപ്പെട്ടവർ പിന്നെയും എരിതീയിൽ എണ്ണയൊഴിച്ചതാണ് മരണത്തിൽ കലാശിച്ചതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ എന്നിവരും ഉണ്ടായിരുന്നു.
എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയും വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുള്ള ഈ കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുമെന്നും കേസ് വഴിതിരിച്ചുവിടാനും തെളിവുകൾ നശിപ്പിക്കാനും അന്വഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും മഹേശെൻറ അനന്തരവൻ എം.എസ്. അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.