എം.വി.ആർ അന്നേ കുറിച്ചിട്ടു, ഇനിയൊരു കെ.ആർ. ഗൗരി ഇല്ല
text_fieldsകണ്ണൂർ: ''ഇനി കേരളത്തിൽ നമുക്ക് കെ.ആർ. ഗൗരിയെ പോലൊരു നേതാവിനെ സൃഷ്ടിച്ചെടുക്കാൻ സാധ്യമല്ല. അവർ കമ്യൂണിസ്റ്റ് പാർട്ടിയുടെ മൊത്തം സംഭാവനയാണ്. ആരോപണങ്ങൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം, വസ്തുതയായിരിക്കാം അല്ലാതിരിക്കാം, എന്തായാലും ഇങ്ങനെയൊരു കെ.ആർ. ഗൗരിയമ്മയെ സംഭാവന ചെയ്യാൻ ഇനി ആർക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ അവർക്കെതിരെ മേൽപറഞ്ഞ ആേരാപണത്തിൽ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് എെൻറ ഖണ്ഡിതമായ അഭിപ്രായം... '' ഒരുകാലത്ത് പാർട്ടിയിലെ അനിഷേധ്യ നേതാവായ എം.വി. രാഘവൻ, കെ.ആർ. ഗൗരിയമ്മയെ കുറിച്ചെഴുതിയ വരികളാണിവ.
1980െൻറ തുടക്കത്തിൽ ഗൗരിയമ്മക്കെതിരായി ആലപ്പുഴ ജില്ല കമ്മിറ്റിയിൽ ഒരു ആരോപണം ഉയർന്നു. അന്ന് പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്നു ഗൗരിയമ്മ. ആരോപണം ചർച്ചചെയ്യണമെന്ന് ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു. മുതിർന്ന നേതാവായിരുന്നതിനാൽ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ഒരു കമീഷനെ വച്ചു.
അന്ന് പാർട്ടി രൂപവത്കരിച്ച അന്വേഷണ കമീഷെൻറ ചെയർമാനായി നിയോഗിച്ചത് എം.വി. രാഘവനെയായിരുന്നു. തെളിവെടുപ്പിനുശേഷം എം.വി.ആർ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച കുറിപ്പിലെ വാചകങ്ങളുടെ സാരമായിരുന്നു മേൽപറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് എം.വി.ആർ പറഞ്ഞത് യാഥാർഥ്യമായി. അതിനുശേഷം ഗൗരിയമ്മയോളം തലയെടുപ്പുള്ളൊരു വനിതാ നേതാവിനെയും രാഷ്ട്രീയകേരളം കണ്ടിട്ടില്ല.
ഒരുകാലഘട്ടത്ത് പാർട്ടിക്കുള്ളിലെ വടവൃക്ഷങ്ങളായിരുന്നു കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനും. പക്ഷേ, പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഇരുനേതാക്കൾക്കും കാലംകാത്തുവെച്ച രാഷ്ട്രീയഭാവിയിലും സമാനതകളേറെയായിരുന്നു.
ബദൽ രേഖയുടെ പേരിൽ 1986ലാണ് എം.വി.ആറിന് പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിതെളിയുന്നത്. വിഭാഗീയതയുടെ പേരിൽ 1994 ജനുവരി ഒന്നിന് കെ.ആർ. ഗൗരിയമ്മയും പുറത്താക്കപ്പെട്ടു. തുടർന്ന് ഇരുവരും പ്രത്യേക പാർട്ടി രൂപവത്കരിച്ച് വലതുപാളയത്തിലെത്തി.
രണ്ടുപേരും യു.ഡി.എഫ് മന്ത്രിസഭകളിൽ അംഗമായി. പിന്നീട് വർഷങ്ങളോളം ഇടതുപാർട്ടിയോട് കലഹിച്ചും പോരാടിയുമായിരുന്നു ഇരുവരുടേയും രാഷ്ട്രീയമുന്നേറ്റം. ഒടുവിൽ യു.ഡി.എഫിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2016ൽ ഗൗരിയമ്മ ഇടതുപാളയത്തിൽ തിരിച്ചെത്തി. ജീവിതത്തിെൻറ അവസാനഘട്ടത്തിൽ എം.വി.ആറും ഇടതുനേതാക്കളുമായും തികഞ്ഞ സൗഹൃദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.