എന്റെ ഭൂമി ഡിജിറ്റൽ സർവേ: 200 വില്ലേജുകളിൽ നടപടികൾ തുടങ്ങിയെന്ന് മന്ത്രി
text_fieldsകോഴിക്കോട് : എന്റെ ഭൂമി ഡിജിറ്റൽ സർവേക്ക് 200 വില്ലേജുകളിൽ നടപടികൾ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ നിയമസഭയെ അറിയച്ചു. ഭൂ ഉടമസ്ഥരെ അവരുടെ ഭൂമി സർവേ ചെയ്യുന്ന വിവരം എസ്.എം.എസ് വഴി അറിയിക്കുന്നതിനുള്ള സംവിധാനം എൻറെ ഭൂമി പോർട്ടൽ ഏർപ്പെടുത്തിയിട്ടുണ്ട്. സർവേ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് 1800 - 4255 - 080 എന്ന ടോൾഫ്രീ നമ്പരും പ്രവർത്തനം സജ്ജമാക്കി.
1550 വില്ലേജുകളിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നാല് വർഷം കൊണ്ട് സർവേ പൂർത്തിയാക്കാൻ ആണ് പദ്ധതി. ആദ്യ മൂന്നു വർഷത്തിനുള്ളിൽ 400 വില്ലേജുകൾ വീതവും നാലാം വർഷം 380 വില്ലേജുകളും സർവേ ചെയ്യും. സംസ്ഥാനത്താകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്ക് 858 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ് സർവേ നടത്തുന്നത്. സോഫ്റ്റ് വെയർ അധിഷ്ഠിത സർവേയാണിത്. അതിന് വേണ്ടി എൻറെ ഭൂമി എന്ന ഓൺലൈൻ പോർട്ടൽ തയാറാക്കിയിട്ടുണ്ട്.
സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തം പൂർണാർഥത്തിൽ ലഭിക്കുന്നതിന് തദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷ്യൽ ഗ്രാമസഭകളായി വാർഡ് തലത്തിൽ സർവേ സഭകൾ നടത്തും. ഭൂവുടമസ്ഥർക്ക് ഡിജിറ്റൽ സർവേ പദ്ധതിയെ സംബന്ധിച്ച് വിശദീകരണം നൽകും.
പദ്ധതി സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കുന്നതിനുള്ള നടപടി ആവിഷ്കരിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂ സംബന്ധമായ എല്ലാ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും.
ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലെ 12, 137 ഹെക്ടർ സർവേ നടപടികൾ പൂർത്തിയായി. എല്ലാ വകുപ്പുകളും ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ തീരുമാനിച്ചു.
തെരഞ്ഞെടുത്ത 200 വില്ലേജുകളിലെ റവന്യൂ കണക്കിലുള്ള ഭൂഉടമസ്ഥരുടെ വിവരം എൻറെ ഭൂമി പോർട്ടുകളിൽ നൽകി. ഇത് ബന്ധപ്പെട്ട ഭൂ ഉടമക്ക് പരിശോധിക്കുന്നതിനും അപാകതയുള്ളത് പോർട്ടൽ മുഖേന തന്നെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സാധിക്കും.
റീ സർവേ സമയത്തും സർവേ പൂർത്തിയായതിന് ശേഷവും റിക്കോർഡുകളിൽ അപാകതയുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും എൻറെ ഭൂമി പോർട്ടലിൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.