മക്കളെ കൊലപ്പെടുത്തിയതാണ്, കോടതിയെ സമീപിക്കും –അമ്മ
text_fieldsപാലക്കാട്: സി.ബി.ഐ എത് അർഥത്തിലാണ് കുട്ടികളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയതെന്ന് അറിയണമെന്ന് വാളയാർ കുട്ടികളുടെ അമ്മ. എെൻറ മക്കൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മക്കളെ അവർ കൊലപ്പെടുത്തിയതാണ്.
സി.ബി.ഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ വീണ്ടും കോടതിയിൽ പോകുമെന്നും അമ്മ പ്രതികരിച്ചു. സി.ബി.ഐ കുറ്റപത്രത്തിനെതിരെ ഹൈകോടതിയെ സമീപിക്കാൻ സമരസമിതിയും തീരുമാനിച്ചു.
വാളയാർ കേസ് നാൾ വഴി
•2017 ജനുവരി ഏഴിന് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
•രണ്ട് മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍
•2017 മാര്‍ച്ച് ആറിന് അന്നത്തെ പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
•മാർച്ച് 12ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണമുയര്‍ന്നു.
•അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ സംഘത്തില്‍നിന്ന് ഒഴിവാക്കി.
•പ്രത്യേക അന്വേഷണ സംഘത്തിെൻറ ചുമതല അന്നത്തെ പാലക്കാട് നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ. സോജന് നല്കി.
•വാളയാര്‍ എസ്.ഐ പി.സി. ചാക്കോക്ക് സസ്പെന്ഷൻ
•പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.
•2019 ജൂണ്‍ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം. പതിനാറുകാരെൻറ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.
•2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു.
•2019 ഒക്ടോബർ 25: പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
•2019 നവംബര്‍ 19: വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈകോടതിയെ സമീപിച്ചു.
•കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമീഷനായി വെച്ചു.
•2020 മാര്‍ച്ച് 18: പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന് കണ്ടെത്തി.
•2020 ഒക്ടോബര്‍ 10: പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തി.
•2020 നവംബർ നാലിന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.
•2021 ജനുവരി: പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈകോടതി റദ്ദാക്കി. പിന്നാലെ കേസ് സി.ബി.ഐക്ക് വിടുകയും ചെയ്തു.
•2021 ഏപ്രിൽ ഒന്ന്: കേസ് സി.ബി.ഐ ഏറ്റെടുത്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
•2021 ഡിസംബർ 27: വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സി.ബി.ഐ കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.