മകൾ കുറേ അനുഭവിച്ചു; അതിന്റെ കൂലി അവന് കിട്ടും - വിസ്മയയുടെ പിതാവ്
text_fieldsകൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതിവിധിയിൽ സന്തോഷം പ്രകടിപ്പിച്ച് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. 'നീതി ലഭിച്ചു. പറയാൻ വാക്കുകളില്ല. സ്‍പെഷ്യൽ പ്രൊസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ പരിശ്രമമാണ് വിധിക്ക് പിന്നിൽ. പരമാവധി ശിക്ഷ തന്നെ അവന് ലഭിക്കും. എന്റെ കുട്ടി കുറേ അനുഭവിച്ചു. അതിനുള്ള കൂലി അവന് കിട്ടും' വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കിരണിന് പരമാധവി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ മാതാവും പറഞ്ഞു. ഇനിയും ഓഡിയോ ക്ലിപ്പുകൾ ഉണ്ട്. അതിൽ ചിലത് മാത്രമാണ് മാധ്യമങ്ങളിൽ വന്നത്. എല്ലാം കേൾക്കുമ്പോഴേക്കും തകരും.ഇനി ഒരു മക്കൾക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാതാവ് കൂട്ടിച്ചേർത്തു.
വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ സഹോദരൻ വിജിത്തും പ്രതികരിച്ചു.
അതേസമയം, കേസിലെ വിധി ഒരു വ്യക്തിക്കെതിരായതല്ലെന്നും സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണെന്നും സ്‍പെഷ്യൽ പ്രൊസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ് പ്രതികരിച്ചു. കുറ്റക്കാരന് പരമാവധി ശിക്ഷ ലഭ്യമാക്കാൻ ശ്രമിക്കും. ഈ വിധി ഒരു ടീം വർക്കിന്റെ ഭാഗമായി ലഭിച്ചത്. ഓഡിയോ കോളുകൾ മുഴുവൻ എഴുതി ഹാജരാക്കേണ്ടി വന്നു. 1968 മുതൽ ഡിജിറ്റൽ തെളിവുകൾ സ്വീകരിക്കുന്നുണ്ട്. അതിൽ ആശങ്കയില്ലായിരുന്നുവെന്നും പ്രൊസിക്യൂട്ടർ പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥാനായ ഡി.വൈ.എസ്.പി പി. രാജ് കുമാർ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കുക എന്നത് വെല്ലുവിളിയായിരുന്നു. സഹപ്രവർത്തകരുടെ സഹായത്താൽ അത് സധ്യമായി. ഇനി പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.