തെൻറ കൈകൾ പരിശുദ്ധം, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിെൻറ മൊഴിയെ തുടർന്ന് മൂന്ന് തവണ അന്വേഷണം നടന്നതാണ്. വിജിലൻസ് കോടതിയിലും ഹൈകോടതിയിലും പരാതി നിൽക്കുകയാണ്. ഈ അന്വേഷണങ്ങളിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിക്കളഞ്ഞു. അതുമായി ബന്ധപ്പെട്ട ശബ്ദരേഖ വ്യാജമാണെന്ന് കണ്ടെത്തിയതുമാണ്.
ബാർ ലൈസൻസ് ഫീസ് കുറക്കാൻ ബാർ ഉടമകൾ പിരിച്ച പണം തനിക്ക് നൽകിയെന്ന ആരോപണം ആറ് വർഷങ്ങൾക്ക് മുമ്പ് തന്നെ നിഷേധിച്ചതാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണത്. ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ഞങ്ങൾ അങ്ങനെ ചെയ്യുന്ന പാർട്ടിയുമല്ല.
കോടതിയിൽ നിലനിൽക്കുന്ന കേസിൽ മുഖ്യമന്ത്രിക്ക് വീണ്ടും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ല. മുഖ്യമന്ത്രി ഒപ്പിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എെൻറ കൈകൾ പരിശുദ്ധമാണ്. ഏത് അന്വേഷണവും നടക്കട്ടെ. പഴയ വെളിപ്പെടുത്തലിെൻറ പേരിലാണ് വീണ്ടും അന്വേഷണം നടക്കുന്നത്. പുതിയ വെളിപ്പെടുത്തൽ ഉണ്ടെങ്കിലേ അന്വേഷണത്തിന് ഉത്തരവിടാനാവൂ. ഒന്നുകൂടി അന്വേഷിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇതുകൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാനാവില്ല.
സംഘടിതവും ആസൂത്രിതവുമായ പദ്ധതികളാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ സർക്കാറും സി.പി.എമ്മും ചേർന്ന് നടപ്പാക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടുങ്ങുമെന്ന് ബോധ്യമായപ്പോഴാണ്, എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തി നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇതിനായി സംസ്ഥാന നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ആദ്യം കർണാടകയിലേക്ക് ഒളിച്ചുകടക്കാൻ പൊലീസ് സഹായം നൽകി. കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി സെക്രട്ടറിയേറ്റിലെ ഫയലുകൾ സി.ബി.ഐക്ക് ലഭിക്കും മുമ്പ് കൈക്കലാക്കി. പിന്നീട് പ്രോട്ടോകോൾ ഓഫിസിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചു. വടക്കഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം തടയാൻ സർക്കാർ കോടതിയിൽ പോയി. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻറ ഡയറക്ടറേറ്റ് പരിശോധനക്ക് വന്നപ്പോൾ ബാലാവകാശ കമീഷനെയും പൊലീസിനെയും ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴിനാൽകാൻ പ്രേരിപ്പിച്ചുവെന്ന് കാണിച്ച് തടവിൽ കഴിയുന്ന സ്വപ്ന സുരേഷിെൻറ ശബ്ദസന്ദേശം തയാറാക്കി ആസൂത്രിതമായി പുറത്തുവിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാറിെൻറ അധീനതയിൽ ജയിലിൽ കഴിയുന്ന വ്യക്തി എങ്ങനെയാണ് ശബ്ദം സന്ദേശം അയക്കുന്നത്. ഇത് അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാൻ സർക്കാർ ഒരുക്കിയ കള്ളക്കളിയാണ്. സ്വപ്നയുടെ ശബ്ദരേഖക്ക് പിന്നിൽ സി.പി.എമ്മിെൻറ ഗൂഢാലോചന ഉണ്ടെന്നത് വ്യക്തമാണ്.
അഴിമതി അന്വേഷണത്തിനെതിരായ ഇടത് മുന്നണിയുടെ സമരം ജനങ്ങളെ കബളിപ്പിക്കാനാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും എന്ന് മനസ്സിലായപ്പോഴാണ് അദ്ദേഹം അന്വേഷണ സംഘങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിടഞ്ഞുപരിശ്രമിക്കുകയാണ്.
വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നു എന്നാണ് സർക്കാർ പറയുന്നത്. എന്ത് വികസനമാണ് ഇവിടെ നടക്കുന്നത്. സ്വർണക്കടത്ത്, മയക്കുമരുന്ന് കച്ചവടം, പിൻവാതിൽ നിയമനം, കൺസൾട്ടൻസി ഫീസ് കൊള്ള എന്നിവയാണ് ആകെ നടക്കുന്നത്. വികസനത്തിെൻറ പേരിൽ കൊണ്ടുവന്ന പദ്ധതികളെല്ലാം വൻ കൊള്ള നടത്താനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢസംഘമാണ് അഴിമതികൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.