മൈലപ്ര സഹകരണ ബാങ്ക്; പ്രസിഡന്റും സെക്രട്ടറിയും തിരിച്ചടക്കാനുള്ളത് 20 കോടി
text_fieldsപത്തനംതിട്ട: മൈലപ്ര സർവിസ് സഹ.ബാങ്ക് തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവിനും ബന്ധുക്കൾക്കും വാരിക്കോരി വായ്പ നൽകിയതായി സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവർക്കും ബന്ധുക്കൾക്കുമായി 36 വായ്പകളാണ് അനുവദിച്ചത്. ഇരുവരും മുതലും പലിശയുമടക്കം 20.95 കോടിയാണ് തിരിച്ചടക്കാനുള്ളത്. 89 ബിനാമി വായ്പകളിലായി 86.12 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരവെയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നത്.
ദീർഘകാലം ബാങ്ക് പ്രസിഡന്റായിരുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗം ജെറി ഈശോ ഉമ്മൻ സ്വന്തം പേരിലും ഭാര്യ, രണ്ട് മക്കൾ, മരുമക്കൾ എന്നിവരുടെ പേരുകളിലും വായ്പയെടുത്തിട്ടുണ്ട്. എട്ട് വായ്പകളാണ് കുടുംബത്തിലുള്ളത്. ഇവ തിരിച്ചടച്ചില്ല. 1,71,87,652 രൂപയുടെ വായ്പയും 40,28,927 പലിശയും ചേർത്ത് 2,12,15,579 രൂപയുടെ ബാധ്യതയാണുള്ളത്. സഹകരണ വകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനും കുടുംബാംഗങ്ങൾക്കും കൂടി ബാങ്കിലുള്ള വായ്പാ ബാധ്യത 18, 88, 34, 472 കോടിയുടേതാണ്. 28 വായ്പകളാണ് ജോഷ്വയും കുടുംബാംഗങ്ങളും എടുത്തത്. ജോഷ്വക്ക് ജീവനക്കാരനെന്ന നിലയിൽ 2,98,701 രൂപയുടെ വായ്പയുണ്ട്.
ഇതിന് 29,870 രൂപ പലിശ അടക്കാനുണ്ട്. ഭവനവായ്പയായി 5,14,235 രൂപ എടുത്തിരുന്നു. ഇതിന് 2,48,153 രൂപ പലിശ കൂടി ചേർത്ത് 7,62,388 രൂപ ബാധ്യതയുണ്ട്. പിതാവ്, ഭാര്യ, രണ്ട് പെൺമക്കൾ, സഹോദരങ്ങൾ, ഭാര്യ സഹോദരി, അടുത്ത ബന്ധു എന്നിവർക്കെല്ലാം കൂടി 18, 88, 34, 472 രൂപയാണ് വായ്പയായി ബാങ്ക് അനുവദിച്ചത്. 28,99,970 രൂപ പലിശയുണ്ട്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോഷ്വയുടെ ബന്ധുവീടുകളിൽ വായ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. വായ്പ എടുത്തിട്ടുണ്ടെന്നുള്ളത് ബന്ധുക്കൾ സമ്മതിച്ചെങ്കിലും കണക്കിൽ പറയുന്ന തുക ലഭിച്ചിട്ടില്ലെന്നാണ് ഇവരിൽ പലരുടെയും വാദം. ചിട്ടിയും വായ്പയുമെല്ലാം കൂടിയാണ് ബാധ്യതയായിട്ടുള്ളത്.
ഒരാൾക്ക് 28 വായ്പകൾ
പത്തനംതിട്ട: വാഴമുട്ടം സ്വദേശിയായ പത്തനംതിട്ടയിലെ മുൻ ആധാരം എഴുത്തുകാരന്റെ പേരിൽ 28 വായ്പകൾ. ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളയാളാണ് ഇദ്ദേഹം. വസ്തു ആധാരം പണയപ്പെടുത്തിയാണ് വായ്പകൾ എടുത്തത്. എന്നാൽ, ഈ ആധാരങ്ങൾ പലതും നിയമപ്രകാരം നിശ്ചിതതുകക്ക് ജാമ്യമായി നൽകാവുന്നവയല്ല. ഒരേ ആധാരം ഉപയോഗിച്ച് ഒന്നിലധികം വായ്പകൾ എടുത്തിട്ടുമുണ്ട്. ബിനാമി വായ്പക്കാരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.